മാവേലിക്കരയില്‍ വനിതാ പോലീസുകാരിയെ പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തിയത് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്‍; ഇരുവരും സൗഹൃദം തുടങ്ങിയത് കെ.എ.പി ബറ്റാലിയനിൽ നിന്ന് ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

  • Post category:news
  • Reading time:1 min read
You are currently viewing മാവേലിക്കരയില്‍ വനിതാ പോലീസുകാരിയെ പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തിയത് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്‍; ഇരുവരും സൗഹൃദം തുടങ്ങിയത് കെ.എ.പി ബറ്റാലിയനിൽ നിന്ന് ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കായംകുളം: മാവേലിക്കരയില്‍ വനിതാ പോലീസുകാരിയെ പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തിയത് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്‍. മാവേലിക്കര വള്ളിക്കുന്നത്ത് സ്റ്റേഷനിലെ സി.പി.ഒ സൗമ്യ പുഷ്‌ക്കര(31)നാണ് കൊല്ലപ്പെട്ടത്. ആലുവ റൂറലിലെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനായ അജാസാ(33)ണ് സൗമ്യയെ തീക്കൊളുത്തി കൊന്നത്. അജാസ് എറണാകുളം സ്വദേശിയാണ്.

സൗമ്യയുടെ സ്‌കൂട്ടറില്‍ കാറിടിച്ച് വീഴ്ത്തിയ ശേഷം വാളുകൊണ്ട് വെട്ടുകയും പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തുകയുമായിരുന്നു. അജാസിനും പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേയ്ക്കു മാറ്റി.
വള്ളികുന്നം സ്റ്റേഷനില്‍ നിന്ന് വീട്ടിലേക്ക് സ്‌കൂട്ടറില്‍ വരികയായിരുന്നു സൗമ്യ. പിന്നാലെ കാറിലെത്തിയ അജാസ് വാഹനം കൊണ്ട് സൗമ്യയെ ഇടിക്കുകയായിരുന്നു. സൗമ്യ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന അജാസ് വടിവാളു കൊണ്ട് വെട്ടുകയും പെട്രോളൊഴിച്ച് തീകൊളുത്തുകയുമായിരുന്നു.

അതേസമയം സൗമ്യയും കൊലപാതകം നടത്തിയ പോലീസുകാരൻ അജാസും തമ്മിൽ ഏറെ കാലമായി അടുപ്പമുണ്ടായിരുന്നു എന്ന് പോലീസ് പറയുന്നു. തൃശൂര്‍ കെ.എ.പി ബെറ്റാലിയനിൽ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള സൗഹൃദമെന്നാണ് വിവരം. പോലീസ് ട്രെയിനിയായി സൗമ്യ ക്യാമ്പിലെത്തിയപ്പോൾ പരിശീലനം നൽകാൻ അജാസ് അവിടെ ഉണ്ടായിരുന്നു. അന്ന് തുടങ്ങിയ സൗഹൃദമാണ് പിന്നീട് കലഹത്തിലേക്കും കൊലപാതകത്തിലേക്കും എല്ലാം നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

ഇവര്‍തമ്മിലുള്ള ബന്ധത്തെ കുറിച്ച് വീട്ടുകാര്‍ക്കൊന്നും കാര്യമായി പിടിപാടുണ്ടായിരുന്നില്ല. എന്നാൽ സൗമ്യയും അജാസും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് ചില പോലീസുകാര്‍ക്ക് അറിയാമായിരുന്നു എന്നാണ് പറയുന്നത്. ചില സാമ്പത്തിക ഇടപാടുകളും ഇവര്‍ തമ്മിൽ ഉണ്ടായിരുന്നതായി സൂചന ഉണ്ട്. എന്നാൽ എവിടെ വച്ചാണ് സൗഹൃദം കലഹത്തിലേക്ക് പോയതെന്നോ കൊലപാതകത്തിന് കാരണമായതെന്നോ ഒന്നും വ്യക്തമായ വിവരങ്ങളൊന്നും ഇത് വരെ പോലീസിന് ലഭിച്ചിട്ടില്ല.

ശരീരത്തില്‍ അൻപത് ശതമാനം പൊള്ളലേറ്റ അജാസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കിയിരിക്കുകയാണ്. ഇയാളുടെ ആരോഗ്യ നില മെച്ചപ്പെട്ടാൽ മാത്രമെ കൂടുതൽ ചോദ്യം ചെയ്യാൻ കഴിയു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

 

0Shares