മാധ്യമങ്ങളുടെ കയ്യടി വാങ്ങുകയാണോ പിണറായി സർക്കാർ; ശ്രീറാമിനെതിരെ കൊലക്കുറ്റം ചുമത്തിയ നടപടിയെ വിമര്‍ശിച്ച് ബി.ജെ.പി കാസർകോട് ജില്ലാ പ്രസിഡന്റ്

  • Post category:news
  • Reading time:2 mins read
You are currently viewing മാധ്യമങ്ങളുടെ കയ്യടി വാങ്ങുകയാണോ പിണറായി സർക്കാർ; ശ്രീറാമിനെതിരെ കൊലക്കുറ്റം ചുമത്തിയ നടപടിയെ വിമര്‍ശിച്ച് ബി.ജെ.പി കാസർകോട് ജില്ലാ പ്രസിഡന്റ്

ഐ. എ. എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതിൽ പ്രതിഷേധവുമായി ബി.ജെ.പി കാസർകോട് ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത്. മാധ്യമ പ്രവർത്തകൻ കെ.എം ബഷീർ ശ്രീറാമിന്‍റെ കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികാര മനോഭാവത്തോടെയാണ് സർക്കാർ നടപടികളെന്നാണ് ബി. ജെ. പി നേതാവിന്‍റെ ആരോപണം.

ഈ സംഭവത്തിൽ മാധ്യമങ്ങളെ പ്രീതിപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നതായും ഫെയ്സ് ബുക്കിലൂടെ അഡ്വ. ശ്രീകാന്ത് അഭിപ്രായം പ്രകടിപ്പിച്ചു. മദ്യപിച്ച് അശ്രദ്ധമായി വാഹനം ഓടിച്ചു അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടുവെന്നത് മാത്രമാണ് ഐ. എ. എസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമൻ ചെയ്ത കുറ്റമെന്നും അതിന് കൊലക്കുറ്റം ചുമത്തുന്നത് ശരിയല്ല എന്നുമാണ് അഡ്വ. കെ ശ്രീകാന്ത് ഫെയ്സ് ബുക്കിലൂടെ ഉന്നയിച്ച ആരോപണം. പ്രതി ഐ. എ. എസ് ഉദ്യോഗസ്ഥനായാലും കൊല്ലപ്പെട്ടത് മാധ്യമ പ്രവർത്തകനായാലും നിയമം അനുശാസിക്കുന്ന വകുപ്പുകളിൽ മാത്രമേ കേസെടുക്കുവാൻ പാടുള്ളൂവെന്നാണ് ബി. ജെ. പി നേതാവിന്‍റെ ആവശ്യം.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം;

യുവ മാധ്യമ പ്രവർത്തകൻ കെ..എം.ബഷീറിന്ആദരാഞ്ജലികൾ. സിറാജ് പത്രത്തിന്‍റെ പത്രപ്രവർത്തകൻ ബഷീറിനെ കുറിച്ച് അറിയാൻ സാധിക്കുന്നത് അദ്ദേഹം മികച്ച ഒരു മാധ്യമ പ്രവർത്തകനെന്നാണ്. അദ്ദേഹത്തിന്‍റെ വിയോഗം കനത്ത നഷ്ടം തന്നെ.

ബഷീറിന്‍റെ മരണത്തിനു കാരണക്കാരനായ യുവ ഐ.എ.എസ്സുകാരനെ അറസ്റ്റും ചെയ്തു. വേണ്ടതു തന്നെ.

പക്ഷെ ……
ഒരു റോഡ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടാൽ അതിനു കൊലകുറ്റത്തിന് കേസ്സെടുക്കുന്നത് ശരിയാണോ? അശ്രദ്ധയിലും അതിവേഗത്തിലും വാഹനമോടിച്ച് റോഡപകടത്തിൽ ജീവൻ നഷ്ട്ടപ്പെട്ടാൽ എടുക്കേണ്ട കേസ് ഇന്ത്യൻ ശിക്ഷാ നിയമമനുസരിച്ച് 279, 338, 304 A എന്നീ വകുപ്പുകൾ ചേർത്താണ് . മദ്യപിച്ചാണ് വാഹനമോടിച്ചതെങ്കിൽ 185-ാം വകുപ്പും കൂടി ചേർക്കാം. പക്ഷെ ഈ സംഭവത്തിൽ കേസ്സെടുത്തിരിക്കുന്നത് ബോധപൂർവമല്ലാത്ത കൊലപാതകത്തിന് ( Sec 304 of IPC). ഇതോടെ വാഹന അപകടത്തിൽ മരിച്ച ബഷീറിന്‍റെ കുടുംബത്തിനു ലഭിക്കേണ്ട നഷ്ടപരിഹാരവും കിട്ടാതാവുന്ന സാഹചര്യമാണുള്ളത്.
മരിച്ച ബഷീറുമായി ശ്രീറാമിനു എന്തെങ്കിലും വിരോധമുള്ളതായി ആർക്കും ആക്ഷേപവുമില്ല. കൊല്ലാനുള്ള ഉദ്ദേശതോടാണ് പ്രതി ശ്രീറാം ബഷീറിന്‍റെ വാഹനമിടിച്ചതെന്ന ആരോപണവുമില്ല. പിന്നെന്തിനു 304 വകുപ്പനുസരിച്ച് ജാമ്യമില്ലാ കേസ്സെടുത്ത് അറസ്റ്റ് ?

ഈ സംഭവത്തിൽ ശ്രീറാം വെങ്കിട്ടരമനനെ ന്യായീകരിക്കുകയല്ല എന്‍റെ ഉദ്ദേശം. പക്ഷെ വിവാദങ്ങൾ ഉണ്ടാക്കുമ്പോൾ നിയമം വിവാദമുണ്ടാക്കുന്നവരുടെ വഴിയേ പോകുന്നു എന്നുള്ളത് ഗൗരവത്തിലെടുക്കേണ്ട ഒന്നാണ്.

ഇതിൽ അപകടത്തിൽ മരണപ്പെട്ടത് മാധ്യമ പ്രവർത്തകനായതുകോണ്ടോ അല്ല പ്രതി ഒരു ഐ എ എസ് കാരനായതുകൊണ്ടാണോ ? അഥവാ ഭൂമാഫിയക്കെതിരെ, ഭൂമി കൈയ്യേറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച ശ്രീറാം വെങ്കിട്ടരാമൻ എന്ന ഐ.എ.എസ്സ്കാരണനായതുകൊണ്ടാണോ? വാഹനമപകടമായിട്ടു കൊലപാതകത്തിനു കേസ്സെടുത്തത്?

മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ തന്നെ പരസ്യമായി ശാസിച്ചിട്ടും സർക്കാർ ഭൂമി കൈയ്യേറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ധൈര്യം കാണിച്ച് ഒരു ഉദ്യോഗസ്ഥനെ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ വീണു കിട്ടിയ അവസരം ഉപയോഗിക്കുകയാണോ ഇവിടെ? ഇടതു മാധ്യമ പ്രവർത്തകരുടെയും CITU ന്യായീകരണ തൊഴിലാളികളുടെയും സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ കാണുമ്പോൾ ഈ സംശയം ബലപ്പെടുന്നു. ശക്തമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥനെതിരെ പകപൊക്കൽ ഗൂഡാലോചനയാണോ എന്ന സംശയം ജനിപ്പിക്കുന്നു.

അല്ല മാധ്യമ വിവാദങ്ങൾ ഭയന്ന് മാധ്യമങ്ങളെ പ്രീണിപ്പിക്കാൻ കൊല കുറ്റത്തിനു കേസ്സെടുത്ത് അറസ്റ്റ് ചെയ്ത പ്രതിയായ ശ്രീറാമിനെ ജയിലിലാക്കി വിവാദങ്ങളിൽനിന്ന് തലയൂരി മാധ്യമങ്ങളുടെ കൈയ്യടി വാങ്ങുകയാണോ പിണറായി സർക്കാർ ചെയ്യുന്നത്?

എന്തായാലും ഈ അവസരം മുതലാക്കി ഭൂമാഹിയ അട്ടഹസിക്കുന്നുണ്ടാകും.സംശയമില്ല.

ഒരു യുവസഹപ്രവർത്തകനെ നഷ്ടപ്പെട്ട മാധ്യമ പ്രവർത്തകരുടെ വികാരം മനസ്സിലാക്കാം .പക്ഷെ പോലീസ് നടപടി നിയമബോധമുള്ള ആർക്കും അംഗീകരിക്കാൻ സാധ്യമല്ല. മാധ്യമങ്ങൾ സ്വയം ചിന്തിക്കാനും ആത്മ വിമർഷത്തിനു തയ്യാറാവുകയും വേണമെന്നാണ് എന്‍റെ അഭിപ്രായം . ജനങ്ങളിലേക്ക് ഏറ്റവും വേഗത്തിൽ എത്താൻ സാധിക്കുമെന്നതു കൊണ്ട് നിയമവാഴ്ചയുടെ കൈയ്യും വായയും വിവാദങ്ങൾ ഉണ്ടാക്കി മുടിക്കെട്ടാൻ ശ്രമിക്കരുതെന്നാണ് അഭ്യർത്ഥന.

0Shares