പത്തനംതിട്ട: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല കയറാനെത്തിയ ആദ്യ യുവതിയെ പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ തടഞ്ഞു. ലിബി.സി.എസിനെയാണ് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ വച്ച് നാട്ടുകാര്‍ തടഞ്ഞത്. മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചുമാണ് ശബരിമലയ്ക്ക് പോകുന്നതെന്ന് നേരത്തെ ലിബി പറഞ്ഞിരുന്നു. ചേര്‍ത്തലയില്‍ നിന്ന് ബുധനാഴ്ച്ച രാവിലെയാണ് ലിബി സി.എസും സംഘവും ശബരിമലയിലേക്ക് തിരിച്ചത്. യാത്രമധ്യേ ചിലര്‍ ഇവരെ തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ചങ്ങാനാശ്ശേരി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. തുടര്‍ന്ന് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ എത്തിയ ലിബിയെ അവിടെ വച്ച് യാത്രക്കാരും നാട്ടുകാരും തടയുകയായിരുന്നു. ലിബിയെ കടന്നു പോകാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ ജനക്കൂട്ടം അവര്‍ക്ക് നേരെ തിരിഞ്ഞതോടെ പൊലീസ് ഇവരെ അവിടെ നിന്നും മാറ്റി. പ്രകോപിതരായ നാട്ടുകാരുടെ ഇടയില്‍ നിന്നും വളരെ പണിപ്പെട്ടാണ് പൊലീസ് സംഘം ലിബിയെ പുറത്ത് എത്തിച്ചത്. ചേര്‍ത്തല മുലച്ചിപ്പറമ്പില്‍ നിന്ന് കെട്ടുനിറക്കാനായിരുന്നു ഞങ്ങള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സുരക്ഷാഭീഷണി ഉണ്ടായിരുന്നതിനാല്‍ എല്ലാവരും അവരവരുടെ വീടുകളില്‍നിന്നും കേട്ടുനിറച്ച് ചീരപ്പന്‍ ചിറവഴി പമ്പയ്ക്ക് പുറപ്പെടുകയായിരുന്നു. ഞങ്ങള്‍ പുറപ്പെടുന്ന വിവരം പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ ഞങ്ങളെ ശബരിമലക്ക് എത്തിക്കാമെന്ന് വാക്ക് തന്നിട്ടുണ്ടെന്നുമായിരുന്നു നേരത്തെ ലിബി അറിയിച്ചത്. ബസ് യാത്രക്കിടെ ശബരിമലക്കാണോ തങ്ങളുടെ ബാഗ് പരിശേധിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ഒരു സംഘം ആളുകള്‍ ലിബിയെയും കൂട്ടരെയും തടഞ്ഞിരുന്നു. യാത്ര തടസ്സപ്പെടുമെന്ന് കരുതി അവര്‍ ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായും വീണ്ടും യാത്ര തുടരുകയും ചെയ്തു.
എന്നാല്‍ ഒരു കാരണവശാലും ലിബിയെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. കനത്ത സുരക്ഷാ വലയം തന്നെ അവര്‍ക്ക് പൊലീസുകാര്‍ ഏര്‍പ്പെടുത്തിട്ടുണ്ട്. ലിബിക്കൊപ്പം അഭിഭാഷക ദമ്പതികളും ഒരു അദ്ധ്യാപികയും ഉണ്ടായിരുന്നുവെങ്കിലും ഇവര്‍ പിന്നീട് യാത്രയില്‍ നിന്നും പിന്മാറി. കൂടാതെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ സന്നിധാനത്ത് 11 മണിയ്ക്ക് നടക്കുന്ന ശബരിമല അവലോകനയോഗത്തില്‍ പങ്കെടുക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥരെയും സമരക്കാര്‍ തടഞ്ഞു. യോഗത്തിനെത്തിയ സിവില്‍ സപ്ലൈസിലെ രണ്ട് വനിതാ ഉദ്യോഗസ്ഥരെയാണ് ഗാര്‍ഡ് റൂമിന് മുന്നില്‍ ‘സേവ് ശബരിമല’ എന്ന സംഘടനാപ്രവര്‍ത്തകര്‍ തടഞ്ഞത്. അമ്പത് വയസിന് മുകളിലാണ് പ്രായമെന്ന് എഴുതി നല്‍കിയ ശേഷമാണ് ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടറെ അടക്കം രണ്ട് വനിതാ ഉദ്യോഗസ്ഥരെ സമരക്കാര്‍ കയറ്റിവിട്ടത്. സന്നിധാനത്ത് ഡ്യൂട്ടിയ്ക്ക് നിയോഗിച്ച വനിതാ പൊലീസുദ്യോഗസ്ഥരെയും സമരക്കാര്‍ തിരിച്ചയച്ചു. സന്നിധാനത്തേയ്ക്ക് ഡ്യൂട്ടിയുടെ ഭാഗമായി പോകുന്ന വനിതാ ഉദ്യോഗസ്ഥരുടെ പ്രായം ചോദിച്ച്, സമരക്കാരുടെ അനുമതിയോടെ മാത്രമാണ് അവരെ മുകളിലേയ്ക്ക് കടത്തിവിടുന്നത്. കടന്നു പോകുന്ന സ്ത്രീകളെ എല്ലാം സമരക്കാര്‍ തടയുകയും പരിശോധിക്കുകയും ചെയ്യുമ്പോള്‍ പൊലീസ് കാഴ്ചക്കാരായി നോക്കി നില്‍ക്കുകയാണ്.
മല കയറാനെത്തിയ ആദ്യ യുവതി ലിബിയെ പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ തടഞ്ഞു; സര്‍ക്കാര്‍ ഉദ്യോഗസ്ഥകളെയും തടഞ്ഞുവച്ചു