
കാഞ്ഞങ്ങാട്: കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റിൽ നടന്ന പ്രദർശനത്തിൽ സമഗ്ര ശിക്ഷ കാസർകോട് ഒരുക്കിയ സ്റ്റാളിലെ പ്രദർശനത്തിൽ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് സംതൃപ്തി രേഖപ്പെടുത്തി. ഏറെ ജനശ്രദ്ധയാകർഷിക്കുന്ന പ്രദർശനം കാണാൻ എത്തിയപ്പോഴാണ് മന്ത്രി പ്രതികരണം അറിയിച്ചത്.

സമഗ്ര ശിക്ഷയുടെ നേതൃത്വത്തിൽ ജില്ലയിൽ ഈ വർഷം നടന്ന നൂതനവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ പൊതു സമൂഹത്തെ ബോധ്യപ്പെടുത്താൻ ഉതകുന്നതാണ് എസ്.എസ്.കെ സ്റ്റാൾ. ഇതോടൊപ്പം ശാസ്ത്ര പാർക്ക്, ഗണിത ലാബ് തുടങ്ങിയ നൂതന ഇടപെടലുകളിലൂടെ ഗണിതത്തിലും ശാസ്ത്രത്തിലും കുട്ടികളെ മികച്ചവരാക്കുന്നതിനുള്ള ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ഉദാഹരണ വിശദീകരണങ്ങളും കൊണ്ട് സജീവമാണ് സ്റ്റാൾ.
പൊതു വിദ്യാലയങ്ങളുടെ മികവുകളുടെ നേർസാക്ഷ്യമായതും ആവേശം പകരുന്ന അനുഭവമായി. മാധ്യമങ്ങളിൽ നിറയുന്ന പ്രവർത്തന മികവുകൾ എന്ന ഇനവും ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി. എം.രാജഗോപാലൻ എം.എൽ.എ, കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി രമേശൻ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. സമഗ്ര ശിക്ഷ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ എം.കെ വിജയകുമാർ, പ്രോഗ്രാം ഓഫീസർമാരായ ഡോ.എം.വി ഗംഗാധരൻ, കെ.എം ദിലീപ് കുമാർ, ബി.നിഷാന്ത് എന്നിവരാണ് പ്രദർശനത്തിന് മേൽനോട്ടം വഹിച്ചത്.
