കാസര്‍കോട്: കാണാതായ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ റെയില്‍വെ ട്രാക്കിനരികിലെ ഓവുചാലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്ത രണ്ടുപേരെ കോടതി റിമാന്റുചെയ്തു. മരണപ്പെട്ട മുഹമ്മദ് ജാസിറിന്റെ സുഹൃത്തുക്കളായ സമീര്‍ (20), വിനീഷ് (20), സഹപാഠിയായ 16 കാരന്‍ എന്നിവരാണ് അറസ്റ്റിലായത്.
മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന വകുപ്പ് ചേര്‍ത്താണ് അറസ്റ്റ്. ഏഴു വര്‍ഷം വരെ കഠിന തടവും പിഴയും ലഭിക്കാവുന്ന കേസാണ് ഇവരില്‍ ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ പിടിയിലായ 16 കാരനെ തിങ്കളാഴ്ച വൈകീട്ടോടെ മജിസ്ട്രേറ്റിന്റെ മുമ്പാകെ ഹാജരാക്കി, ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റിയിരുന്നു. മറ്റു രണ്ടുപേരെ ചൊവ്വാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിയും മാങ്ങാട്, ചോയിച്ചങ്കല്ലിലെ ജാഫറിന്റെ മകനുമായ മുഹമ്മദ് ജാസിറാണ് ദുരൂഹ സാഹചര്യത്തില്‍ കളനാട് റെയില്‍വെ ട്രാക്കിന് അരികിലെ ഓവുചാലില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.
രണ്ടുദിവസം പഴക്കമുള്ള മൃതദേഹം അഴുകിത്തുടങ്ങിയ നിലയിലായിരുന്നു. മരണത്തില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്. മുഖം മുതല്‍ കാലുവരെ ശരീരത്തിന്റെ ഇടതു ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലായിരുന്നു മൃതദേഹം. ട്രെയിനിടിച്ചാണ് പരിക്കേറ്റതെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. ഇതു സ്ഥിരീകരിക്കുന്നതിനായി പോസ്റ്റുമോര്‍ട്ടം നടത്തിയ പൊലീസ് സര്‍ജ്ജന്‍ ഡോ.കെ ഗോപാലകൃഷ്ണപിള്ള തിങ്കളാഴ്ച വൈകീട്ടോടെ സ്ഥലം പരിശോധിച്ചിരുന്നു. തുടര്‍ന്നാണ് മരണം ട്രെയിന്‍ തട്ടിയാണെന്ന് പ്രഥമീകമായി സ്ഥിരീകരിച്ചത്. അതേസമയം കൊലപാതകമാണെന്നു ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ കാസര്‍കോട് ജില്ലാ പോലിസിനെ സമീപിച്ചിട്ടുണ്ട്. അന്വേഷണം തൃപ്തികരമല്ലെന്നും പുതിയ അന്വേഷണ സംഘത്തെക്കൊണ്ട് കേസന്ന്വേഷിപ്പിക്കണമെന്ന് ജാസിര്‍ ജനകീയ ആക്ഷകമ്മറ്റി ഭാരവാഹികളും ആവശ്യപ്പെട്ടിട്ടുണ്ട്. എസ്.ഡി.പി.ഐ നേതാക്കളും സംഭവം കൊലപാതകമാണെന്നാരോപിച്ച് രംഗത്തെത്തിയിട്ടുണ്ട്.
പത്താംക്ലാസ് വിദ്യാര്‍ഥി ജാസിറിന്റെ മരണം; അറസ്റ്റിലായ രണ്ടുപ്രതികളെ റിമാന്റുചെയ്തു; പ്രായപൂര്‍ത്തിയാകാത്ത ഒരാളെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി