
ബദിയടുക്ക (കാസർകോട്): പെരഡാല വളവിൽ മാലിന്യം തള്ളിയ സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ പഞ്ചായത്ത് ഇടപെട്ടു. മാലിന്യം തള്ളിയ സ്ഥലം ജെ.സി.ബി ഉപയോഗിച്ച് മണ്ണിട്ടാണ് ശുചീകരിച്ചത്. മാലിന്യം നിക്ഷേപിക്കരുത് എന്ന് പഞ്ചായത്ത് ബോർഡ് സ്ഥാപിച്ച സ്ഥലത്താണ് കഴിഞ്ഞ ഞായറാഴച്ച കുറച്ചു ആളുകൾ മാലിന്യം തള്ളിയത്. ഇത് നാട്ടുകാർക്കിടയിൽ പ്രതിഷേധമുണ്ടാക്കി. സംഭവം പോലീസിൽ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല എന്നും നാട്ടുകാർ ആരോപിച്ചിരുന്നു.

പെരഡാല വളവിൽ ഇതിന് മുമ്പും മാലിന്യം തള്ളിയിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. അത് ഇരുട്ടിന്റെ മറവിലായിരുന്നു. എന്നാൽ അത്തരക്കാരെ നാട്ടുകാർ പിടികൂടുകയും മുന്പ് പോലീസിൽ ഏല്പിക്കുകയും ചെയ്തിട്ടുണ്ട്.

പോലീസ് വൻ തുക പിഴ ഈടാക്കി മാലിന്യം നിക്ഷേപിക്കില്ല എന്ന ഉറപ്പോടുകൂടിയാണ് അവരെ വിട്ടയച്ചത്. എന്നാൽ ഈ സംഭവത്തിൽ മാലിന്യം തള്ളിയവർക്കെതിരെയോ അതിന് മൗനാനുവാദം നൽകിയ പ്രതിനിധിക്കെതിരെയോ പഞ്ചായത്ത് നടപടി കൈക്കൊണ്ടില്ല എന്നായിരുന്നു നാട്ടുകാരുടെ പരാതി.
സംഭവവുമായി ബന്ധപ്പെട്ട് ചാനൽ ആർ.ബി കഴിഞ്ഞ ദിവസം നൽകിയ വാർത്തയും വലിയ ചർച്ചക്ക് ഇടനൽകിയിരുന്നു. ഇതോടെയാണ് പഞ്ചായത്ത് അധികൃതർ സ്ഥലം ശുചീകരിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടത്. ഈ സ്ഥലങ്ങളിൽ ഇനി മാലിന്യം തള്ളുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി കൈക്കൊള്ളുമെന്ന് പഞ്ചായത്ത് അധികൃതരും പോലീസും നാട്ടുകാർക്ക് ഉറപ്പ് നൽകി.
