കാസർകോട് : കാസർകോട് കുമ്പളയിൽ യുവാവിനെ തല വെട്ടിമാറ്റി കൊലപ്പെടുത്തിയ സംഭവം പ്രതികൾക്കായി ഊർജിത തിരച്ചിൽ ആരംഭിച്ചു. കുമ്പള പെര്‍വാഡിലെ അബ്ദുല്‍ സലാം (32) ആണ് അതിക്രൂരമായി ഞായറാഴ്ച വൈകിട്ടോടെ കൊലചെയ്യപ്പെട്ടത്. മൃതദേഹം കാണുബോൾ തല ഉടലില്‍ നിന്നും വെട്ടിയെടുത്ത് ദൂരെയെറിഞ്ഞ നിലയിലായിരുന്നു. 2014 ലിൽ പേരാല്‍ മുഹമ്മദിന്റെ മകന് ഷഫീഖിനെ (25) കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട അബ്ദുല്‍ സലാം. മണലെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നമാണ് അന്ന് ഷഫീഖിന്റെ കൊലയ്ക്ക് കാരണമായത്. ഈ കേസില്‍ ജയിലിലായിരുന്ന സലാം പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു. കൊല്ലപ്പെട്ട അബ്ദുല്‍ സലാമിന് ക്രിമിനൽ പശ്ചാത്തലമുള്ളതിനാൽ കൊലയ്ക്ക് പിന്നില്‍ കുടിപ്പകയാണെന്നാണ് സംശയികുന്നത്. കൊല്ലപ്പെട്ട സലാമിന്റെ കൂടെയുണ്ടായിരുന്ന ബദരിയ നഗറിലെ നൗഷാദിനെ കുത്തേറ്റ് ഗുരുതരമായ പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊലയ്ക്ക് പിന്നില്‍ കുടിപ്പകയാണെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും ആരാണ് കൃത്യം നടത്തിയതെന്ന് വ്യക്തമായിട്ടില്ല.

കാലങ്ങളായി ഉപ്പള, കുമ്പള പ്രദേശങ്ങളിൽ കൊട്ടേഷൻ സംഘങ്ങൾ വാഴുകയാണ്. മണൽ കടത്തും, മദ്ദ്യം,മയക്കുമരുന്ന്, കഞ്ചാവ് തുടങ്ങി ഇവടങ്ങളിൽ നിരവധി പേരാണ് പോലീസിന്റെ പിടിയിലാകുന്നത്. ഇവരിൽ പെട്ടവർ തന്നെ ഒറ്റികൊടുക്കുന്നതും ഇവരിലെ പക കൂടുന്നു. പിന്നീട് ഇവർ അക്രമികളായി തമ്മിൽ ഏറ്റുമുട്ടുകയും പരസ്പരം കൊലപ്പെടുത്തുകയും ചെയ്യുന്നത് നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്. പോലീസ് ഇവിടെ നോക്കുകുത്തികളാകുന്നു എന്നതാണ് ഇവരുടെ നേരിട്ടുള്ള ഏറ്റുമുട്ടലിന് കാരണമാകുന്നത്. കഴിഞ്ഞ ഫെബ്രവരിയിലാണ് മറ്റൊരു ഗുണ്ടാ തലവൻ കാലിയ റഫീഖ് കൊലചെയ്യപ്പെട്ടത്. കേസുകളിൽ പിടിയിലാകുന്ന ഇവർ ജയിൽ ശിക്ഷ അനുഭവിക്കാറുണ്ടെങ്കിലും പരോളിൽ അല്ലെങ്കിൽ ജാമിയത്തിൽ ഇറങ്ങിയാൽ ഇവർ കൊലചെയ്യപെടുന്നു എന്നത് മറ്റൊരു യാഥാർത്യമാണ്.

എന്നാൽ ഞായറാഴ്ച കൊലചെയ്യപ്പെട്ട അബ്ദുല്‍ സലാം സംഭവത്തിന് മണിക്കൂറുകൾക് മുമ്പ് പോലീസ് കസ്റ്റഡിയിലായിരുന്നു. ബി.ജെ.പി പ്രവര്‍ത്തനായ ദയാനന്ദനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കുമ്പള പേരാല്‍ റോഡിലെ സിദ്ദീഖിന്റെ വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെ തോക്ക് ചൂണ്ടി അക്രമം നടത്തി എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബദരിയ നഗറില്‍ വെച്ച് അബ്ദുല്‍ സലാം ഉള്‍പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത സലാമിനെയും സുഹൃത്തുക്കളെയും ഞായറാഴ്ച ഉച്ചയോടെ പോലീസ് നിരുപാധികം വിട്ടയക്കുകയായിരുന്നു. ഇതിന് ശേഷമാണ് വൈകിട്ട് സലാമിനെ ആളൊഴിഞ്ഞ സ്ഥലത്ത് തല അറ്റനിലയിൽ കൊല്ലപ്പെട്ടും, നൗഷാദിനെ കുത്തേറ്റ നിലയിലും നാട്ടുകാര്‍ കണ്ടത്. വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തിയാണ് നൗഷാദിനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് വേണ്ടി വ്യാപക തിരച്ചിലാണ് നടത്തിവരുന്നത്.