തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി യില്‍ നിന്ന് 141 ജീവനക്കാരെ പിരിച്ചുവിട്ടു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു സ്ഥിരനിയമനം ലഭിച്ചവരെയാണ് പിരിച്ചുവിട്ടത്. കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്ക് എന്നീ വിഭാഗങ്ങളിലുള്ളവരെയാണ് പിരിച്ചുവിട്ടത്. അനര്‍ഹമായി നിയമനം ലഭിച്ചവര്‍ക്കെതിരെയാണ് നടപടിയെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. വിവിധ കാരണങ്ങളാല്‍ ദീര്‍ഘകാലമായി സര്‍വീസില്‍ ഹാജരാകാതിരുന്നവരും കോര്‍പ്പറേഷന്റെ നോട്ടീസിനു വ്യക്തമായ മറുപടി നല്കാത്തവരെയുമാണു പിരിച്ചുവിട്ടത്.
ഇവരില്‍ ചിലര്‍ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും തീരുമാനം കോടതി ശരിവച്ചതോടെയാണു നടപടി. 10 വര്‍ഷത്തെ പ്രവൃത്തി പരിചയവും വര്‍ഷം 120 ഡ്യൂട്ടിയുമാണു സ്ഥിര നിയമനത്തിനു മാനദണ്ഡം വച്ചിരുന്നത്. എന്നാല്‍ നിയമനം ലഭിച്ച 3,500ഓളം പേരില്‍ 141 പേര് 120 ഡ്യൂട്ടി ഇല്ലാത്തവരായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരെ പിരിച്ചുവിടാന്‍ മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു.