ഗസല്‍ പത്രാധിപരും ഫോർവേഡ് ബ്ലോക്ക്‌ സംസ്ഥാന കൗൺസിൽ അംഗവുമായ അബ്ബാസ് മുതലപ്പാറ അന്തരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ഗസല്‍ പത്രാധിപരും ഫോർവേഡ് ബ്ലോക്ക്‌ സംസ്ഥാന കൗൺസിൽ അംഗവുമായ അബ്ബാസ് മുതലപ്പാറ അന്തരിച്ചു

കാസര്‍കോട്: കാസർകോട് നിന്ന് പ്രസിദ്ധീകരിക്കുന്ന ഗസൽ വാർത്താ വാരികയുടെ ഉടമയും പത്രാധിപരും ഫോർവേഡ് ബ്ലോക്ക്‌ സംസ്ഥാന കൗൺസിൽ അംഗവും നിരവധി പൊതു തിരഞ്ഞെടുപ്പുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചയാളുമായ അബ്ബാസ് മുതലപ്പാറ (56) അന്തരിച്ചു. 15 ദിവസമായി മംഗലാപുരം പമ്പ് വെല്ലിനടുത്ത ഫസ്റ്റ് ന്യൂറോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് നുള്ളിപ്പാടിയിലെ കെയർവെൽ ഹോസ്പിറ്റലിലേക്ക് മാറ്റിയത്. താമസസ്ഥലമായ കാസർകോട് സ്റ്റേറ്റ്സ് ലോഡ്ജിലെ മുറിയിൽ രക്തസമ്മർദം മൂർച്ഛിച്ച് തളർന്നു വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് സാരമായി പരിക്കേൽക്കുകയും തലച്ചോറിലേക്കുള്ള നാഡികൾ പൊട്ടുകയും ചെയ്തു.

അബ്ബാസിനെ മുറിയ്ക്ക് പുറത്ത് കാണാത്തതിനാലും ഫോണെടുക്കാത്തതിനാലും ലോഡ്ജ് അധികൃതർ, പോലീസ് സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മുറിയിൽ തറയിൽ വീണു കിടക്കുന്നതായി കണ്ടത്. ഉടൻ കാസർകോട്ടെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും അവർ വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് മാറ്റാൻ നിർദ്ദേശിക്കുകയായിരുന്നു.

അബ്ബാസിന്‍റെ നില അതീവ ഗുരുതരമാണെന്നും ശസ്ത്രക്രിയ ചെയ്യാൻ നിർവാഹമില്ലാത്ത സ്ഥിതിയിലാണെന്നും ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചിരുന്നു. 1991 മുതൽ 2014 വരെ കാസർകോട്ട് വിവിധ തലങ്ങളിലുള്ള തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥിയായിരുന്നു അബ്ബാസ്. 2014ൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി ഉദുമ നിയോജക മണ്ഡലത്തിൽ മത്സരിച്ചു. നിലവിൽ ഫോർവേഡ് ബ്ലോക്ക് സംസ്ഥാന കൗൺസിലറാണ്. പാർട്ടി യുഡിഎഫിനൊപ്പമായതിനാൽ ഇത്തവണ പാർലമെന്റിലേക്ക് മത്സരിക്കാതെ രാജ് മോഹൻ ഉണ്ണിത്താനെ പിന്തുണക്കുകയായിരുന്നു.

കാസർകോട്ടെ പീപ്പിൾസ് ജസ്റ്റിസ് വെൽഫെയർ ഫോറം, മുളിയാർ പുഞ്ചിരി ക്ലബ്ബ്, മമ്മൂട്ടി ഫാൻസ് അസോസിയേഷൻ, എൻഡോസൾഫാൻ വിരുദ്ധസമിതി എന്നിവയുടെ നേതൃസ്ഥാനത്ത് പ്രവർത്തിച്ചിരുന്നു.
മുളിയാർ മുതലപ്പാറ സ്വദേശിയാണ്. പെരുന്നാളിന് ഗസലിന്റെ പ്രത്യേക പതിപ്പിറക്കാനുള്ള ശ്രമത്തിനിടെയാണ് അബ്ബാസ് ആശുപത്രിയിലായത്. മാറ്ററുകളും പരസ്യങ്ങളും ശേഖരിച്ച് പ്രസിലേക്കയച്ചിരുന്നു.
വലിയൊരു സുഹൃദ് വലയത്തിനുടമയായിരുന്നു അദ്ദേഹം.

മുതലപ്പാറയിലെ സൈനുദ്ദീന്‍-ഫാത്വിമ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: മുഹമ്മദ്, സത്താര്‍ (ഗള്‍ഫ്), റുഖിയ, ആയിഷ, സെമീര്‍. ഖബറടക്കം വ്യാഴാഴ്ച വൈകിട്ടോടെ ബോവിക്കാനം മുഹിയുദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

 

0Shares