
ചെന്നൈ: തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസുകാരനെ രക്ഷപ്പെടുത്താനുള്ള ശ്രമം പ്രതിസന്ധിയില്‍. 25 അടി താഴ്ചയിലായിരുന്ന കുട്ടി രക്ഷാ പ്രവര്‍ത്തനത്തിനിടെ 68 അടി താഴ്ചയിലേക്ക് പോയത് പ്രതിസന്ധി വര്‍ധിപ്പിച്ചു. വിവരമറിഞ്ഞ് എത്തിയ അഗ്നിരക്ഷാസേനയാണ് ആദ്യം രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. ഈ ശ്രമത്തിനിടെയായിരുന്നു അപകടം കൂടുതൽ സങ്കീർണമാക്കിയത്.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം നടന്നത്. തുറന്ന നിലയിൽ ഉപേക്ഷിച്ച നിലയിലിട്ടിരുന്ന കുഴല്‍ക്കിണറില്‍ പ്രദേശവാസിയായ ബ്രിട്ടോ എന്നയാളുടെ രണ്ടു വയസുകാരൻ സുജിത്ത് വീഴുകയായിരുന്നു. 25 അടി താഴ്ചയിലായിരുന്ന കുട്ടിയെ കൈയില്‍ കുരുക്കിട്ട് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ വഴുതി 68 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. സ്ഥിതി സങ്കീര്‍ണമാണെന്ന് കണ്ടതോടെ കൂടുതല്‍ രക്ഷാസേനകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കിണര്‍ കുഴിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്.
