
കാസർകോട്: നഗരസഭ പരിധിയിലെ ദേശിയ പാതയോരത്തുള്ള അനധികൃത തട്ടുകടകൾ ഒഴിപ്പിച്ചു തുടങ്ങി. ജില്ലാ വികസന സമിതിയുടെ തീരുമാനപ്രകാരമാണ് നടപടി. നേരത്തെ ഒഴിഞ്ഞു പോകണമെന്ന് നിർദേശം നൽകിയിരുന്നു. ഇതിൻ്റെ ഭാഗമായി ആഗസ്റ്റ് മാസം ഒഴുപ്പിക്കൽ നടപടി ഉദ്യോഗസ്ഥർ ആരംഭിച്ചങ്കിലും പ്രതിഷേധത്തെ തുടർന്ന് അന്ന് അതിൽ നിന്നും പിന്മാറുകയായിരുന്നു. അതിനുശേഷമാണ് സ്വയം ഒഴിഞ്ഞുപോകാൻ സമയം നൽകിയത്. എന്നാൽ അത് ഉണ്ടായില്ല. അതുകൊണ്ടാണ് ജില്ലാ വികസന സമിതി യോഗത്തിൽ തട്ടുകടകളുടെ കാര്യത്തിൽ അന്തിമ തീരുമാനം കൈകൊണ്ട്,
ഒഴുപ്പിക്കൽ നടപടി വേഗത്തിലാക്കാൻ കളക്ടർ ഉത്തരവിട്ടത്.

കാസർകോട് നഗരസഭ പരിധിയിലെ ദേശിയ പാതയോട് ചേർന്നുള്ള തട്ടുകടകളാണ് ഒഴിപ്പിക്കുന്നത്. ഇതിൻ്റെ ഭാഗമായി കറന്തക്കാട് മുതൽ വിദ്യാനഗർ വരെയുള്ള ദേശിയ പാതയോരത്തെ തട്ടുകടകൾ വെള്ളിയാഴ്ച്ച രാവിലെ മുതൽ ഒഴിപ്പിച്ചു തുടങ്ങിയത്. കാസർകോട് നഗരസഭാ ഉദ്യോഗസ്ഥരും ജീവനക്കാരും ദേശിയ പാത എൻജിനിയർമാരടക്കമുള്ള ഉദ്യോഗസ്ഥരും ചേർന്ന് പോലീസിൻ്റെ സഹായത്തോടെയാണ് ഒഴിപ്പിച്ചത്.

ഒഴുപ്പിക്കുന്നതിനിടെ ചില സ്ഥലങ്ങളിൽ തട്ടുകട തൊഴിലാളികൾ ബഹളം വെച്ചത് ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കി. യൂണിയൻ്റെ പിന്തുണയോടെ ഒഴുപ്പിക്കൽ നടപടി തടസ്സപ്പെടുത്താൻ തട്ടുകട ജീവനക്കാർ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ജില്ലാ വികസന സമിതിയുടെ കർശന നിർദേശമാണെന്നും, ഒഴിപ്പിക്കാതിരിക്കാൻ നിർവ്വാഹമില്ലന്നും ഉദ്യോഗാസ്ഥർ ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. തട്ടുകടയുടെ സാധന സാമഗ്രികൾ എടുത്തുമാറ്റാനുള്ള അവസരം മാനുഷിക പരിഗണന വെച്ച് ഉദ്യോഗസ്ഥർ അവരവർക്ക് നൽകിയിട്ടുണ്ട്. ആളുകൾ ഇല്ലാതെ അവശേച്ചിരുന്നവ നഗരസഭയുടെ വാഹനത്തിൽ മാറ്റുകയും ചെയ്തു. ഒരു ദിവസത്തെ സമയം ചോദിച്ചവർ ഉടൻ എടുത്ത് മാറ്റിയില്ലെങ്കിൽ അടുത്ത ദിവസം ഒരു കാരുണ്യവും കൂടാതെ നഗരസഭ എടുത്തുമാറ്റുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
