കാസർകോട്: ജില്ലയെ വിദ്യാഭ്യാസരംഗത്ത് ഒന്നാമതെത്തിക്കാനുള്ള പദ്ധതിക്ക് ഒരുക്കം തുടങ്ങിയതായി ജില്ലാകളക്ടർ ഡോ.സജിത് ബാബു ഐ.എ.എസ് പറഞ്ഞു. ബേത്തൂർപാറ ഗവ. ഹയർസെക്കണ്ടറി സ്കൂൾ 1992- 93 വർഷത്തെ പത്താംതരം ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ പണികഴിപ്പിച്ച സ്കൂൾ പ്രവേശന കവാടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ കാസർകോട് ജില്ല വിദ്യാഭ്യാസരംഗത്ത് സംസ്ഥാനതലത്തിൽ പതിമൂന്നാം സ്ഥാനത്താണ്.
വിദ്യാഭ്യാസ മുന്നേറ്റത്തിന് വേണ്ടി ‘പതിമൂന്ന് ടു വൺ’ പദ്ധതിക്കാണ് തുടക്കമായത്. കായികരംഗത്ത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കൂടുതൽ പരിശീലനം നൽകി വളർത്തിയെടുക്കും. ഒരു ആൺകുട്ടി ഒരു പെൺകുട്ടി എന്ന അനുപാതത്തിലാണ് പരിശീലനം. സ്കൂൾ വിദ്യാർത്ഥികൾക്ക് ഏറ്റവും അത്യാവശ്യമായിട്ടുള്ള കാര്യങ്ങൾ സർക്കാർ തലത്തിൽ ഉന്നയിച്ച് സഹായം ചെയ്യുന്നതിനുള്ള സന്നദ്ധതയും ജില്ലാകളക്ടർ അറിയിച്ചു. സ്കൂൾ വിദ്യാർത്ഥികൾക്ക് പുറമേ നാട്ടുകാരുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. 1992- 93 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളും സാക്ഷികളാകാൻ വിദൂരസ്ഥലങ്ങളിൽ നിന്നും എത്തിച്ചേർന്നിരുന്നു.
സംഘാടകസമിതി ചെയർമാനും ഗ്രാമപഞ്ചായത്ത് അംഗവുമായ കെ.മണികണ്ഠൻ അധ്യക്ഷനായി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഡോ.ഗിരീഷ് ചോലയിൽ മുഖ്യാതിഥിയായി. പ്രവേശന കവാട നിർമ്മാണ മേൽ നോട്ടം നടത്തിയ സി.എ മുഹമ്മദ് റാഷിദിന് ജില്ലാ കലക്ടർ ഉപഹാരം നൽകി. പി.ടി.എ പ്രസിഡന്റ് കെ.മോഹനൻ, സ്കൂൾ പ്രിൻസിപ്പാൾ പി.ശശിധരൻ, പ്രധാനാധ്യാപകൻ ഉണ്ണികൃഷ്ണൻ പി.എം, മുൻ ഹെഡ് മാസ്റ്റർ എം.ദാമോദരൻ, കെ.കെ ശോഭന, തുടങ്ങിയവർ പ്രസംഗിച്ചു. വിനോദ്.കെ സ്വാഗതവും കെ.മണികണ്ഠൻ നന്ദിയും പറഞ്ഞു.