
കാസര്‍കോട്: കാസര്‍കോട് ബണ്ടിച്ചാല്‍ സ്വദേശിയായ ബി.എ ഇസ്മായില്‍ തന്‍റെ പത്തുസെന്റ് ഭൂമി കയ്യേറ്റക്കാരില്‍ നിന്നും ഒഴിപ്പിച്ച് സ്വന്തമാക്കുന്നതിനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിഇറങ്ങാല്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ആയി. ഇപ്പോള്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ കലക്ടര്‍ വീണ്ടും ഉത്തരവിട്ടു. എന്നിട്ടും നടപടിയില്ല. ഈ മാസം പത്തിനാണ് കലക്ടര്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ ഉത്തരവിട്ടത്. ആറുദിവസം പിന്നിട്ടിട്ടും വില്ലേജ് ഓഫീസര്‍നടപടി സ്വീകരിക്കുന്നില്ല എന്നതാണ് കയ്യേറ്റം ഒഴിപ്പിക്കാന്‍ തടസം ആകുന്നത്. അര്‍ഹതപ്പെട്ട ഭൂമി അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇസ്മയില്‍ ഇന്ന് രാവിലെ കലക്ടറേറ്റ് പടിക്കല്‍ കുടുംബസമേതം അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു.
ബി.എ ഇസ്മയിലിന്റെ റിവിഷന്‍ ഹര്‍ജി, കാസര്‍കോട് അഡീഷണല്‍ തഹസില്‍ദാറുടെ 2016 ജൂലൈ 13ന്റെ ഉത്തരവ്, ആര്‍.ഡി.ഒവിന്റെ 2017 ഏപ്രില്‍ 11ന്റെ ഉത്തരവ്, കലക്ടറുടെ 2017 മെയ് ഒമ്പതിന്റെ ഉത്തരവ്, ഹൈക്കോടതിയുടെ 2017 ജൂണ്‍ ഏഴിന്റെ വിധി എന്നിവയുടെ അടിസ്ഥാനത്തിലാണ് കലക്ടര്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍ ഈ ഉത്തരവും വില്ലേജ് ഓഫീസര്‍ റവന്യു വകുപ്പിലെ ഉന്നതന്റെ ഒത്താശയോടെ അട്ടിമറിക്കുകയാണ്.
ബാങ്കിൽ നിന്നും ലോൺ ലഭിക്കുന്നതിന് അപേക്ഷയോടൊപ്പം സമർപ്പിക്കാൻ ഭൂമിയുടെ കൈവശാവകാശ സർട്ടിഫിക്കറ്റിനായി വില്ലേജിൽ ഇസ്മായീൽ സമീപിച്ചിരുന്നു. അപ്പോൾ ലഭിച്ച മറുപടി 26 സെന്റ് ഭൂമിയിലെ 10 സെന്റ് സ്ഥലം നിലവില്‍ ഇസ്മായീലിന്റെ കൈവശം അല്ല എന്നും അത് മനസിലായതിനാല്‍ കരം വാങ്ങാല്‍ സാധിക്കില്ല എന്നുമായിരുന്നു. പക്ഷെ, 2016 – 17 വർഷത്തെ കരം അടച്ച രസീത് വരെ ഇയാളുടെ കൈവശം ഉള്ളപ്പോഴാണ് വൈരുദ്ധ്യമായ മറുപടി വില്ലേജിൽ നിന്നും നൽകുന്നത്. അന്നുമുതല്‍ ഇസ്മായീല്‍ ആരംഭിച്ചതാണ് തന്റെ ഭൂമി വീണ്ടെടുക്കാനുള്ള നിയമ പോരാട്ടം.
ഇസ്മായീല്‍ ആദ്യം വില്ലേജ് ഓഫീസില്‍ നിന്നും സ്വീകരിച്ച സ്കെച്ചില്‍ പ്രസ്തുത ഭൂമി 142/ 1 E ആയിരുന്നു. എന്നാല്‍ ഭൂമിയില്‍ അവകാശ തര്‍ക്കം വന്നതിന് ശേഷം ലഭിച്ച സ്കെച്ചില്‍ 142/ 1 D1, D2, D3 എന്നിങ്ങിനെയാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് രേഖയില്‍ കൃത്രിമം കാണിച്ചതാണെന്ന് ഇസ്മായീല്‍ പറയുന്നു. 2016ല്‍ വിജിലന്‍സ് ഡി.വൈ.എസ്പിക്ക് തഹസില്‍ദാര്‍ നല്‍കിയ കത്തിലും സര്‍ക്കാര്‍ പ്ളീഡര്‍ക്ക് കാസര്‍കോട് കലക്ടറേറ്റില്‍നിന്ന് അയച്ച കത്തിലും ആയിഷക്ക് ഒരേക്കര്‍ ഭൂമിയുണ്ടെന്ന് ഉറപ്പിക്കുന്നു. ഇതില്‍നിന്നാണ് 26 സെന്റ് ഇസ്മയിലിന് നല്‍കിയത്. ജില്ലാ ലീഗല്‍ അതോറിറ്റിക്കും ഇതേ വിവരമാണ് തഹസില്‍ദാര്‍ നല്‍കിയത്. റവന്യു മന്ത്രി, അഡീഷണല്‍ ചീഫ് സെക്രട്ടറി, ലാന്‍ഡ് റവന്യു കമീഷണര്‍ എന്നിവര്‍ക്ക് കലക്ടര്‍ നല്‍കിയ വിശദീകരണത്തിലും ആയിഷക്ക് ഒരേക്കര്‍ ഭൂമി പതിച്ചുനല്‍കിയ കാര്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സ്കെച്ചില്‍ ആയിഷക്ക് ഒരേക്കര്‍ സ്ഥലമില്ലെന്നാണ് കലക്ടറുടെ പുതിയ ഉത്തരവില്‍ പറയുന്നത്.
