കാസര്‍കോട്: കാറഡുക്ക ഗ്രാമ പഞ്ചായത്തില്‍ ഇനി എല്‍.ഡി.എഫും യു.ഡി.എഫും ചേര്‍ന്ന് ഭരിക്കും. സി.പി.എം സ്വതന്ത്രയായ അനസൂയ റായിയെ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തു. വനിതാ സംവരണമായ പഞ്ചായത്താണിത്.
ഇന്ന് രാവിലെ നടന്ന തിരഞ്ഞെടുപ്പില്‍ എട്ടുവോട്ട് നേടിയാണ് അനസൂയ റൈ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
എതിര് സ്ഥാനാര്‍ഥി ബി.ജെ.പിയിലെ ജി. സ്വപ്നയ്ക്കു ഏഴുവോട്ട് ലഭിച്ചു. ഉച്ചയ്ക്ക് നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്വതന്ത്രന് ബി.കെ വിനോദന്‍ നമ്പ്യാരെ തിരഞ്ഞെടുത്തു. ബിജെപിയിലെ മുന്‍ വൈസ് പ്രസിഡന്റ് എം.ഗോപാലകൃഷ്ണയാണ് എതിര് സ്ഥാനാര്‍ഥിയായി മല്‍സരിച്ചത്.
നേരത്തെ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ യു.ഡി.എഫ് പിന്തുണച്ചതോടെ പഞ്ചായത്ത് ഭരിച്ചിരുന്ന ബി.ജെ.പിക്ക് അധികാരം നഷ്ടമായിരുന്നു. 18 വര്‍ഷമായി ബി.ജെ.പി. ഭരിച്ച പഞ്ചായത്താണ് കാറഡുക്ക. 15 അംഗ ഭരണസമിതിയില്‍ ബി.ജെ.പിക്കു ഏഴും സി.പി.എമ്മിനു അഞ്ചും കോണ്‍ഗ്രസ് സ്വതന്ത്രന് ഉള്‍പ്പെടെ യു.ഡി.എഫിനു മൂന്നും അംഗങ്ങളാണുള്ളത്.
കാറഡുക്ക ഗ്രാമ പഞ്ചായത്തിലെ പുതിയ പ്രസിഡന്റ് അനസൂയ റായി; വൈസ് പ്രസിഡന്റ് ബി.കെ വിനോദന്‍ നമ്പ്യാര്‍