‘ഓണ പരീക്ഷയടുക്കാറായി മാഷേ… കൊല്ലം മുഴുവനും മുങ്ങരുതെ…’; ക്ലാസില്‍ പോകാതെ ചില അധ്യാപകര്‍ മുങ്ങുന്നത് പതിവായി

  • Post category:news
  • Reading time:1 min read
You are currently viewing ‘ഓണ പരീക്ഷയടുക്കാറായി മാഷേ… കൊല്ലം മുഴുവനും മുങ്ങരുതെ…’;  ക്ലാസില്‍ പോകാതെ ചില അധ്യാപകര്‍ മുങ്ങുന്നത് പതിവായി

പീതാംബരന്‍ കുറ്റിക്കോല്‍

കാസര്‍കോട്: ജില്ലയിലെ സര്‍ക്കാര്‍ എയിഡഡ് സ്‌കൂളുകളില്‍ ഓണപരീക്ഷയടുക്കാറായിട്ടും, മുങ്ങിയ ചില അധ്യാപകര്‍ ഇനിയും പൊങ്ങിയിട്ടില്ലാത്തതാണ് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കുന്നത്. നന്നായി പഠിപ്പിക്കുന്ന അധ്യാപകരെ ആദരിക്കാനും അല്ലാത്തവര്‍ക്കെതിരെ ഹാജര്‍നില പരിശോധിച്ച് നിയമനടപടി ആവശ്യപ്പെടാനും ഒരുങ്ങുകയാണ് ചില രക്ഷിതാക്കള്‍. അറബി, സംസ്‌കൃതം, ഉറുദു, തുടങ്ങിയ ഭാഷാ അധ്യാപകരാണ് കൂടുതലും മുങ്ങിയാല്‍ പൊങ്ങാത്തതെന്നും ആരോപണമുണ്ട്. അധ്യാപന സമയത്ത് പഠിപ്പിക്കാതെ വ്യക്തിപരമായ കാര്യങ്ങള്‍ക്കുവേണ്ടി ക്ലാസില്‍ പോകാതെ സമൂഹ മാധ്യമങ്ങളില്‍ മുഴുകുന്നതും പതിവാണ്. ഇതിന് ചില പ്രധാന അധ്യാപകര്‍ സൗകര്യമൊരുക്കി കൊടുക്കുന്നതായും നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ജില്ലയില്‍ 611 സ്‌കൂളുകളാണുള്ളത്. ഇതില്‍ 325 സര്‍ക്കാര്‍ തലത്തിലും 213 എയിഡഡ് തലത്തിലും 73 അണ്‍എയിഡഡ് തലത്തിലും പ്രവര്‍ത്തിക്കുന്നവയാണ്. സര്‍വശിക്ഷാ അഭിയാൻ്റെയും അതിന് കീഴിലുള്ള ഏഴ് ബി.ആര്‍.സികളുടെയും ശ്രദ്ധയും കരുതലും ഈ സ്‌കൂളുകള്‍ക്കുണ്ട്. അധ്യാപകര്‍ സേവനകാലത്ത് പാലിക്കേണ്ട കടമകളും ഉത്തരവാദിത്തങ്ങളും പാടെ അവഗണിക്കുന്നത് ഭാവിതലമുറകളുടെ ലക്ഷ്യബോധത്തിന് മങ്ങലേല്‍പ്പിക്കുന്നതായും ആശങ്കയുണ്ട്.

ചില സ്‌കൂളുകളിലെ അധ്യാപകരുടെ നിരുത്തരവാദപരമായ സമീപനം മാറണമെന്നാണ് ആവശ്യമുയരുന്നത്. കേരളത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ സമൂലമായ മാറ്റമാണ് സര്‍ക്കാര്‍ നടപ്പിലാക്കികൊണ്ടിരിക്കുന്നത്. ഇതിനായി വിദ്യാഭ്യാസ മന്ത്രി കാലോചിതമായ പരിഷ്‌കാരങ്ങളും പദ്ധതികളും നടപ്പിലാക്കികൊണ്ടിരിക്കുകയാണ്. എന്നാല്‍ അതൊക്കെ പ്രാവര്‍ത്തികമാക്കാനും ഫലപ്രദമായി ക്ലാസ്സുകള്‍ സ്മാര്‍ട്ടാക്കാനും എല്ലാ സ്‌കൂളുകള്‍ക്കും ഉത്തരവാദിത്വമുണ്ട്. കുട്ടികളും, അധ്യാപകരും, രക്ഷകര്‍ത്താക്കളും ഒരുമിച്ച് ചേര്‍ന്ന് ജാഗ്രതയുള്ള കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ഉണ്ടാകുന്ന അപ്രതീക്ഷിതമാറ്റം വിദ്യാഭ്യാസ മേഖലയ്ക്ക് അനിവാര്യമാണെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഡോ. ഗിരീഷ് ചോലയില്‍ ചാനല്‍ ആര്‍.ബി യോട് പറഞ്ഞു.

0Shares