ഉപരിപഠന ദിശാസൂചിക കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ ജി.ഗോപകുമാര്‍ പ്രകാശനം ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing ഉപരിപഠന ദിശാസൂചിക കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ ജി.ഗോപകുമാര്‍ പ്രകാശനം ചെയ്തു

കാസർകോട്/ കണ്ണൂർ: ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികളുടെ ഉപരിപഠന സാധ്യതകള്‍ക്ക് ദിശാബോധം നല്‍കുന്നതിനുള്ള കരുത്ത് പദ്ധതിയുടെ ഭാഗമായി പിലിക്കോട് സി.കൃഷ്ണന്‍ നായര്‍ സ്മാരക ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രസിദ്ധീകരിച്ച ഉപരിപഠന ദിശാസൂചികയുടെ പ്രകാശനം കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ ജി.ഗോപകുമാര്‍ നിര്‍വ്വഹിച്ചു.അറിവിനും കഴിവിനും സാധ്യതയ്ക്കും അനുസരിച്ച് ഹയര്‍സെക്കണ്ടറി പഠനത്തിന് ശേഷം ഓരോ കുട്ടിക്കും അനുയോജ്യവും താല്‍പര്യവുമുള്ള കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക എന്നതാണ് ഉപരിപഠന ദിശാസൂചിക പുറത്തിറക്കുന്നതിലൂടെ ലക്ഷ്യമിട്ടത്. സ്‌കൂളിലെ 480 ഓളം ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കാണ് സൗജന്യമായി പുസ്തകം വിതരണം ചെയ്യ്തത്. വിദ്യാഭ്യാസ രംഗത്തെ അനന്തമായ സാധ്യതകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ പുസ്തകം തുറന്ന് കാട്ടുന്നു. കരിയര്‍ പ്ലാനിംഗ്, പൊതു വിഭാഗം, സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ്, എന്നീ അഞ്ച് മേഖലകളായി തിരിച്ചാണ് പുസ്തകത്തില്‍ ഉപരിപഠന സാധ്യതകളെ കുറിച്ച് പറയുന്നത്.

കാലിക്കടവ് കരക്കകാവ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.കെ രാജശേഖരന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂളില്‍ കരുത്ത് പദ്ധതിയുടെ ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷന്‍ പ്രകാശനം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്റ്റേറ്റ് കോഡിനേറ്റര്‍ ഡോ സി.രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോള്‍സെന്റ് കൗണ്‍സിലിംഗ് സെല്‍ വിഭാഗം സ്റ്റേറ്റ് കോഡിനേറ്റര്‍ ഡോ സി.എം അസീം ഏറ്റുവാങ്ങി. ഹയര്‍സെക്കണ്ടറി ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ഡി മാത്യു, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എ.എസ്.എ ഷെറൂള്‍, സ്റ്റാഫ് സെക്രട്ടറി കെ.പ്രകാശന്‍, പി.ടി.എ പ്രസിഡണ്ട് പി.സുധാകരന്‍, സ്‌കൂള്‍ മദര്‍ പി.ടി.എ പ്രസിഡണ്ട് പി.ഷീജ എന്നിവര്‍ സംസാരിച്ചു.

0Shares