ആകാശഗംഗ 2: പ്രദര്‍ശനത്തിനായി എത്തിയത് കേരളത്തിലെ 160 തിയേറ്ററുകളില്‍

  • Post category:news
  • Reading time:1 min read
You are currently viewing ആകാശഗംഗ 2: പ്രദര്‍ശനത്തിനായി എത്തിയത് കേരളത്തിലെ 160 തിയേറ്ററുകളില്‍

വിനയന്‍ സംവിധാനം ചെയ്ത ഹൊറര്‍ ചിത്രമായ ‘ആകാശഗംഗ 2’ ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. കേരളത്തിലെ 160 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. ബംഗളൂരുവില്‍ 25 സ്‌ക്രീനുകളിലാണ് ചിത്രത്തിന്‍റെ പ്രദര്‍ശനം. ചെന്നൈ, മുംബൈ, ഡല്‍ഹി തുടങ്ങിയ മറ്റ് ഇന്ത്യന്‍ നഗരങ്ങളിലും ജി.സി.സിയിലും ചിത്രം അടുത്ത ആഴ്ചയാണ് റിലീസ് ചെയ്യുക എന്നാണ് സംവിധായകന്‍ വിനയന്‍ അറിയിച്ചത്.

ആകാശഗംഗയുടെ ആദ്യഭാഗത്ത് ഉള്ളത് പോലെ തന്നെ രണ്ടാം ഭാഗത്തും ഹൊററും കോമഡിയും ഒരുപോലെ ആസ്വാദ്യകരമായ രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് വിനയന്‍ വ്യക്തമാക്കിയത്. ശബ്ദസംവിധാനത്തിലും ഹൊററിന്‍റെ ദൃശ്യാവിഷ്‌കരണത്തിലുമൊക്കെ ഈ ചിത്രം പ്രേക്ഷകന് ഒരു പുത്തന്‍ അനുഭവം പ്രദാനം ചെയ്യുമെന്നാണ് സംവിധായകന്‍ വ്യക്തമാക്കിയത്. ഈ ചിത്രത്തെ നൂറ് ശതമാനം എന്റര്‍ടെയ്നറായ ഒരു ഹൊറര്‍ കോമഡി ഫിലിമായി വിലയിരുത്തണമെന്ന് പ്രിയ സുഹൃത്തുക്കളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും എല്ലാവരും തിയേറ്ററില്‍ പോയി സിനിമ കാണണമെന്നും വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

1999 ജനുവരി 26 നാണ് ആകാശഗംഗ പ്രദര്‍ശനത്തിന് എത്തിയത്. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെട്ട ഈ ചിത്രം തിയേറ്ററുകളില്‍ വലിയ സാമ്പത്തികവിജയം നേടിയിരുന്നു. 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം വരുന്നത്. പുതുമുഖം ആതിരയാണ് നായിക. രമ്യാ കൃഷ്ണന്‍, പ്രവീണ, തെസ്നി ഖാന്‍, രാജാമണി, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ആകാശ് ഫിലിംസിന്‍റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

0Shares