
പാലക്കാട്: അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ മര്‍ദ്ദിച്ച ശേഷം പോലീസിൽ ഏല്പിച്ച ആദിവാസി യുവാവ് മരിച്ച സംഭവം അത്യന്തം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും. ഇതിനുള്ള നിർദേശം സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു.

ഇത്തരം ആക്രമങ്ങൾ പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും ആവർത്തിക്കാതിരിക്കാൻ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കടുകുമണ്ണ ആദിവാസി ഊരിലെ മധുവാണ് ഇന്നലെ നാട്ടുകാരുടെ മർദ്ദനമേറ്റ് മരിച്ചത്. അട്ടപ്പാടി മുക്കാലിയിലാണ് സംഭവം.
ഏറെക്കാലമായി ഈ പ്രദേശത്ത് കടകളിൽ നിന്നും അരിയും ഭക്ഷ്യ സാധനങ്ങളും മോഷണം നടത്തുന്നത് മധുവാണെന്നാരോപിച്ചാണ് നാട്ടുകാർ ഇയാളെ പിടികൂടിയത്. എന്നാൽ പോലീസ് വാഹനത്തിൽ മധുവിനെ സ്റ്റേഷനിലേക്ക് കൊണ്ടു പോവുന്നതിനിടെ മധു ശര്‍ദ്ദിച്ചു, പിന്നാലെ കുഴഞ്ഞു വീണ മധുവിനെ പോലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മധുവിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. അതിന് ശേഷമേ മരണകാരണം വ്യക്തമാവു. പോസ്റ്റുമോര്‍ട്ടം നടത്തുന്ന ആശുപത്രിക്ക് മുന്നില്‍ നാട്ടുകാരും ബന്ധുക്കളും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
