
മോഷ്ടാവെന്ന് ആരോപിച്ച് നാട്ടുകാര്‍ മര്‍ദിച്ച ആദിവസാസി യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് 3 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി എ.കെ ബാലന് പറഞ്ഞു. അന്വേഷണത്തിന് ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സംഭവം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. മരിക്കുന്നതിന് മുന്‍പ് നാട്ടുകാര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് മധു പോലീസിന് മൊഴി നല്‍കിയിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കൂടുതല്‍ നടപടികള്‍ എടുക്കുമെന്ന് അഗളി പൊലീസ് പറഞ്ഞു.
തന്റെ മകനെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നതാണെന്ന് മധുവെന്ന ആദിവാസി യുവാവിന്റെ അമ്മ മല്ലി പറയുന്നു. മാനസികാസ്വസ്ഥ്യമുള്ള തന്റെ മകനെ സ്ഥലത്തെ ഡ്രൈവര്‍മാര്‍ അടക്കമുള്ള ആള്‍ക്കാരാണ് മര്‍ദ്ദിച്ചത്. ഒന്‍പത് വര്‍ഷമായി മകന് വീട് വിട്ടിറങ്ങിയിട്ട്. എന്തെങ്കിലും രീതിയില്‍ അവന് ജീവിച്ച് പോകുമായിരുന്നു. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അമ്മ ആവശ്യപ്പെട്ടു. മധുവിനെ വ്യക്തിപരമായി അറിയാവുന്നവരാണ് മധുവിനെ തല്ലിക്കൊന്നതെന്നും പ്രതികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ആദിവാസി ഗോത്രമഹാസഭ നേതാവ് ഗീതാനന്ദന് ആവശ്യപ്പെട്ടു.

അതേസമയം, മധുവിനെ കൊന്നവരെ പിടിക്കുന്നത് വരെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ അനുവദിക്കില്ലെന്ന് മധുവിന്റെ ബന്ധുക്കള്‍ അറിയിച്ചു. ചെറിയ മാനസിക പ്രശ്നങ്ങളുള്ള ഇയാളെ മോഷ്ടാവെന്ന് ആരോപിച്ച് പിടിച്ചത് തങ്ങള്‍ അറിഞ്ഞിരുന്നുവെന്ന് മധുവിന്റെ ചെറിയച്ഛന് പറഞ്ഞു. എന്നാല്‍ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുമെന്നാണ് കരുതിയിരുന്നത്. കടകളില്‍ മോഷണം നടത്തിയത് ആരാണെന്ന് അറിയില്ല. എന്നാലും മധുവിനെ തല്ലിക്കൊല്ലാന്‍ ആര്‍ക്കും അധികാരമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
കടുകുമണ്ണ ഊരിലെ പരേതനായ മല്ലന്റെയും മല്ലിയുടെയും മകന് മധു (27) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് മോഷണം ആരോപിച്ച് പ്രദേശവാസികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം മധുവിനെ പോലീസിന് കൈമാറിയത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുംവഴി മധു വാഹനത്തില്‍ വച്ച് ഛര്‍ദ്ദിച്ചിരുന്നു. ഇതോടെ പോലീസ് മധുവിനെ അഗളി ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരിക്കുകയായിരുന്നു.
