
ക്ഷേത്രത്തിനുള്ളില് ഷർട്ട് ധരിച്ച് പ്രവേശിക്കാൻ നിലവിലുള്ള വിലക്ക് പിൻവലിക്കുന്നതിനെകുറിച്ച് കേരളാ സർക്കാർ ആലോചിക്കുന്നു. ഇത് സംബന്ധിച്ച് സർക്കാരിന് ലഭിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ തന്ത്രിമാരുടെ അഭിപ്രായം തേടി. തൃശ്ശൂർ സ്വദേശി കെ.ജി. അഭിലാഷാണ് രണ്ടുമാസംമുമ്പ് ദേവസ്വം ബോർഡിന് നിവേദനം നൽകിയത്. എന്നാൽ ആവശ്യത്തെക്കുറിച്ച് അറിയില്ലെന്നാണ് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്.
ലഭിച്ച നിവേദനം സർക്കാർ തിരുവിതാംകൂർ, കൊച്ചി, മലബാർ, ഗുരുവായൂർ ദേവസ്വം ബോർഡുകൾക്ക് കൈമാറി. തന്ത്രിമാരുടെ അഭിപ്രായം ക്ഷേത്ര ഭരണാധികാരികൾ മുഖേന ശേഖരിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. സംസ്ഥാനത്തെ മിക്ക ക്ഷേത്രങ്ങളിലും ക്ഷേത്രത്തിനകത്തോ നാലമ്പലത്തിലോ പുരുഷൻമാർക്ക് ഷർട്ടിട്ട് പ്രവേശിക്കാൻ അനുവാദമില്ല. എന്നാൽ സ്ത്രീകൾക്ക് മേൽവസ്ത്രം ധരിക്കുന്നതിൽ വിലക്കില്ല. സവർണ്ണ വിഭാഗങ്ങൾ കീഴ്ജാതിക്കാർ അമ്പലങ്ങളിൽ പ്രവേശിക്കുന്നുണ്ടോ എന്നത് നിരീക്ഷിക്കാൻ വേണ്ടിയാണ് മേൽവസ്ത്രം ഇല്ലാതെ അമ്പലങ്ങളിൽ പ്രവേശിക്കണം എന്ന നിയമം ഉണ്ടാക്കിയതെന്നാണ് ചരിത്രകാരന്മാരും സാമൂഹിക നിരീക്ഷകരും പറയുന്നത്.

പൂണൂൽ ഇല്ലാതെ അമ്പലത്തിൽ പ്രവേശിക്കുന്നവരെ തിരിച്ചറിയുന്നതിനാണ് ഇത്തരം നിയമം ഉണ്ടാക്കിയതെന്നാണ് പറയുന്നത്. എന്നാൽ ഇത് സ്ത്രീകൾക്ക് ബാധകമല്ല താനും. ഇതിനെകുറിച്ച് താന്ത്രികമായ അവകാശവാദങ്ങൾ ഷർട്ട് നെഗറ്റീവ് എനർജി ആണെന്നും അമ്പലത്തിൽ പ്രവേശിക്കുമ്പോൾ പോസിറ്റിവ് എനർജി ലഭിക്കുന്നതിന് ഷർട്ട് ഊരിമാറ്റണമെന്നുമാണ് ഇവർ വാദിക്കുന്നത്. എന്നാൽ സ്ത്രീകൾക്ക് ഇത്തരം നെഗറ്റിവ് എനർജിയുടെ ന്യായങ്ങൾക്ക് വേറെ കഥയാണ് ഉള്ളത്.
പുരുഷന്മാരുടെ എനർജി ലഭിക്കുന്നത് ഹൃദയ ഭാഗത്താണെന്നും സ്ത്രീകൾക്കിത് നെറ്റിയുടെ ഭാഗത്താണെന്നുമാണ് വേദ പണ്ഡിതന്മാരുടെ വ്യാഖ്യാനങ്ങൾ. സർക്കാർ ഇക്കാര്യത്തിൽ ഒരു തീരുമാനം ഉടൻ കൈകൊള്ളുകയാണ് എങ്കിൽ അത് മറ്റൊരന്ധവിശ്വാസം നിലനിർത്തി കൊണ്ട് പോരുന്നതിന്റെ അവസാനം കൂടിയാണ് എന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. വിഷയത്തിൽ ക്ഷേത്രം ഭാരവാഹികളുടെ കത്ത് ചർച്ചചെയ്തതായി അഖിലകേരള തന്ത്രിസമാജം മേഖലാ സെക്രട്ടറി പുടയൂർ ജയനാരായണൻ നമ്പൂതിരി പറഞ്ഞു.
ക്ഷേത്രാചാരങ്ങളിൽ മാറ്റം വരുത്തുന്നത് ശരിയല്ലെന്നാണ് മേഖലാ യൂണിറ്റ് ഭാരവാഹികളുടെ അഭിപ്രായം. ക്ഷേത്രം പൊതുസ്ഥലമല്ല. നിയന്ത്രണങ്ങളും ആചാരങ്ങളും വിശ്വാസങ്ങളും ചേരുമ്പോഴാണ് അത് ക്ഷേത്രമാവുന്നത്. അതുകൊണ്ട് ഇക്കാര്യത്തിൽ ആരും വാശിപിടിക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
