മിന: ഹജ്ജ് കര്‍മങ്ങള്‍ പൂർത്തിയാക്കി വിശ്വാസികൾ നാട്ടിലേക്കുള്ള മടക്ക യാത്രയിലാണ്. ഹജ്ജ് കർമങ്ങൾക്ക് ഇന്ന് വൈകിട്ടോടെ സമാപനമാകും. തീര്‍ഥാടകരില്‍ ഭൂരിഭാഗവും ഇന്നലെ തന്നെ മിനായില്‍ നിന്ന് മടങ്ങിയിരുന്നു. ഇത്തവണത്തെ ഹജ്ജ് കർമങ്ങൾ വിജയകരമാണെന്ന് അധികൃതര്‍ അറിയിച്ചു.
സൂര്യന്‍ അസ്തമിക്കുന്നതിനു മുമ്പായി എല്ലാ തീര്‍ഥാടകരും മിനായില്‍ നിന്ന് മടങ്ങുമെന്നാണ് അധികൃതർ പറയുന്നത്. ജമ്രകളിലെ കല്ലേറ് കര്‍മം പൂര്‍ത്തിയാകുന്നതോടെയാണ് ഹാജിമാരുടെ ഹജ്ജ് യാത്രക്ക് സമാപനമാകുക. ഭൂരിഭാഗം തീര്‍ഥാടകരും ഇന്നലെ തന്നെ കര്‍മങ്ങള്‍ അവസാനിപ്പിച്ച് മടക്ക യാത്രക്കുള്ള തയാറെടുപ്പിലാണ്.
ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിയെത്തിയ ഒരു ലക്ഷത്തി നാല്‍പതിനായിരത്തോളം തീര്‍ഥാടകരില്‍ എണ്ണായിരത്തോളം തീര്‍ഥാടകര്‍ ഒഴികെ എല്ലാവരും ഇന്നലെ തന്നെ കര്‍മങ്ങള്‍ അവസാനിപ്പിച്ച് മിനായില്‍ നിന്ന് മടങ്ങിയിരുന്നു. സമാധാനപരമായി കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ സന്തോഷത്തിലാണ് തീര്‍ഥാടകര്‍.
മക്കയില്‍ നിന്ന് മടങ്ങുമ്പോൾ നിര്‍വഹിക്കേണ്ട വിടവാങ്ങല്‍ തവാഫ് നിര്‍വഹിക്കുന്ന തിരക്കിലാണ് പല തീര്‍ഥാടകരും. വിടവാങ്ങല്‍ തവാഫ് നിര്‍വഹിക്കാന്‍ ഹറം പള്ളിയില്‍ തിരക്ക് കുറഞ്ഞ സമയം തിരഞ്ഞെടുക്കാന്‍ തീര്‍ഥാടകരോട് സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്.
