ന്യൂഡല്‍ഹി: യുവ എഴുത്തുകാരന്‍ എസ്.ഹരീഷിന്റെ ഏറ്റവും പുതിയ നോവലായ ‘മീശ’ പ്രസിദ്ധീകരിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. സ്ത്രീകളെയും ഒരു സമുദായത്തെയും അടച്ചാക്ഷേപിക്കുന്നതാണ് നോവലെന്ന് ആരോപിച്ചാണ് ഹര്‍ജി. രാധാകൃഷ്ണന്‍ എന്ന ആളാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. അടിയന്തരമായി വാദം കേള്‍ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സംഘപരിവാറിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഹരീഷ് നോവല്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ പ്രമുഖ പ്രസാധകരായ ഡി.സി ബുക്‌സ് നോവല്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറായി. 328 പേജുള്ള പുസ്തകത്തിന്റെ അച്ചടി ചൊവ്വാഴ്ച പൂര്‍ത്തിയായിരുന്നു. ബുധനാഴ്ച മുതല്‍ പുസ്തകം വിപണിയില്‍ ലഭിക്കും.
അതേസമയം നോവല്‍ പ്രസിദ്ധീകരിക്കാനുളള ഡി.സി ബുക്‌സിന്റെ തീരുമാനത്തിനെതിരെയും ഹിന്ദുത്വവാദികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ആക്രമണം അഴിച്ചുവിട്ടു. മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന നോവലിലെ ഒരധ്യായത്തില്‍ ഹിന്ദുസ്ത്രീകളെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് ഹിന്ദുത്വ തീവ്രവാദികള്‍ എസ് ഹരീഷിനെതിരെ രംഗത്തെത്തിയത്. ഹരീഷിനും കുടുംബത്തിനും നേരെ വ്യാപക വധഭീഷണികള്‍ ഇവര്‍ മുഴക്കിയിരുന്നു. ഭീഷണികള്‍ക്ക് വഴങ്ങി ഹരീഷ് നോവല്‍ പിന്‍വലിക്കുകയായിരുന്നു.
സ്ത്രീകളെയും ഒരു സമുദായത്തെയും അടച്ചാക്ഷേപിക്കുന്നു; ‘മീശ’ പ്രസിദ്ധീകരിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി