
കാഞ്ഞങ്ങാട്: കേരള സംസ്ഥാന സ്കൂൾ കലോത്സവ വിജയത്തിനായി ജില്ലയിലെ 1500 ഓളം ഹയർ സെക്കന്ററി എൻ.എസ്.എസ് വളണ്ടിയർമാർ വിവിധ സബ് കമ്മിറ്റികളിൽ വിശ്രമമരഹിതമായി പ്രവർത്തിക്കുന്നത് മാതൃകയാകുന്നു. നീണ്ട ഇടവേളക്ക് ശേഷം കാസര്‍കോട് ജില്ലയിൽ വിരുന്നെത്തിയ കലോത്സവം അവിസ്മരണീയമാക്കാനാണ് വിദ്യർത്ഥികളുടെ പ്രവർത്തനം. പ്രോഗ്രാം കമ്മിറ്റിയുടെ ഭാഗമായി ഓരോ വേദിയിലും നാല് വീതം വളണ്ടിയർമാർ സ്റ്റേജ് മാനേജർക്ക് സഹായമാവുന്നു.

ഭക്ഷണശാലയിൽ ഭക്ഷണ വിതരണത്തിലും തിരക്ക് നിയന്ത്രിക്കുന്നതിലും വളണ്ടിയർമാർ സജീവമാണ്. ഗ്രീൻ പ്രോട്ടോകോളിന്റെ ഭാഗമായി വേദിയും പരിസരവും വൃത്തിയാക്കുന്നതിലും ലോ ആൻറ് ഓഡർ വിഭാഗത്തിൽ പോലീസിനെ സഹായിക്കുന്നതിലും വളണ്ടിയർമാർ കർമനിരതതരാണ്. ഹോസ്ദുർഗ്, ദുർഗ്ഗ, ഇക്ബാൽ, ബല്ലാ ഈസ്റ്റ്, രാജാസ്, ഉപ്പിലിക്കൈ, മടിക്കൈ, കക്കാട്ട്, ചായ്യോത്ത്,കുട്ടമത്ത്, പാക്കം, പെരിയ, ചെമ്മനാട്, ചീമേനി എന്നീ ഹയർ സെക്കണ്ടറി സ്കൂളുകളിലെ എൻ.എസ്.എസ് വളണ്ടിയർമാരാണ് സേവനമനുഷ്ടിക്കുന്നത്.
പ്രവർത്തനങ്ങൾക്ക് ജില്ലാ കൺവീനർ വി.ഹരിദാസ്, പി.എ.സി മെമ്പർ രാജീവൻ മടിയില്ലത്ത്, പ്രോഗ്രാം ഓഫീസർമാരായ സി.കെ.അജിത്ത്, വിദ്യ സൂരജ്, വി.ഇ.അനുരാധ, പി.വി.സൗമ്യ, കെ.സാബു, കെ.വി.രമണി, സൗമ്യ ചാക്കോ, ഇ.ശ്രീനാഥ് എന്നിവരാണ് നേതൃത്വം നൽകുന്നത്.