
ആലുവ: അച്ഛന്റെ ശ്രാദ്ധ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കോടതി അനുവദിച്ച രണ്ട് മണിക്കൂര്‍ താല്‍ക്കാലിക ജാമ്യത്തിന് ശേഷം നടന്‍ ദിലീപ് വീണ്ടും ജയിലില്‍. സമയപരിധി പിന്നിട്ടപ്പോഴാണ് തിരികെ ജയിലിലേക്ക് കൊണ്ടുപോയത്. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനാ കുറ്റത്തിന് റിമാന്റില്‍ കഴിയുന്ന ദിലീപിനെ രാവിലെ എട്ട് മണിയോടെയാണ് ആലുവ സബ് ജയിലില്‍ നിന്ന് പുറത്തിറക്കിയത്. പിന്നെ വന്‍സുരക്ഷാ സന്നാഹ അകമ്പടിയോടെ നേരെ വീട്ടിലേക്ക്. സാന്നിദ്ധ്യം പ്രതീക്ഷിച്ച് വന്‍ പൊലീസ് സന്നാഹമാണ് ദിലീപിനെ അനുഗമിച്ചത്. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വീടിന് സമീപത്ത് എത്തിച്ച ശേഷം ദിലീപിനെയും കൊണ്ടുവന്ന വാഹനം മാത്രമാണ് വീടിന്റെ കോമ്പൗണ്ടിലേക്ക് പ്രവേശിച്ചത്.
വീട്ടിലെ ശ്രാദ്ധച്ചടങ്ങുകളില്‍ ആദ്യാവസാനം പങ്കെടുത്ത ദിലീപ് പിതാവിനു ബലിയുമിട്ടു. പൊലീസിന്റെ നിരീക്ഷണത്തിലാണ് ദിലീപ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇതിന് സാക്ഷ്യം വഹിക്കാന്‍ ദിലീപന്റെ സഹോദരന്‍, അമ്മ, ഭാര്യ കാവ്യ മാധവന്‍, മകള്‍ മീനാക്ഷി തുടങ്ങിയ ബന്ധുക്കളെല്ലാം തന്നെ വീട്ടിലുണ്ടായിരുന്നു. ആലുവ കൊട്ടാരക്കടവില്‍ പെരിയാറിന്റെ തീരത്തുള്ള ദിലീപിന്റെ വീട്ടിലാണ് ചടങ്ങുകള്‍ നടന്നത്. ചടങ്ങുകള്‍ പൂര്‍ത്തിയക്കിയ ശേഷം വീട്ടില്‍ നിന്ന് ദിലീപ് വീട്ടുകാരുമൊപ്പം 58 ദിവസങ്ങള്‍ക്ക് ശേഷം ഭക്ഷണം കഴിച്ചു. വീട്ടില്‍ മധുരപലഹാര വിതരണവും നടത്തി.
9.35 ഓടെ ദിലീപിനെ തിരികെ കൊണ്ടുപോകാനായി വീട്ടില്‍ നിന്ന് വാഹനത്തില്‍ കയറ്റി. 9.50 ഓടെ ആലുവ ജയിലിന് മുന്നില്‍ എത്തിച്ച ശേഷം ഉടന്‍ തന്നെ അകത്ത് കയറ്റി. അതേസമയം, ദിലീപ് പുറത്തെത്തുന്നത് കാണുന്നതിനായി വലിയ ജനക്കൂട്ടമാണെത്തിയിരുന്നത്. വീടിനു പുറത്തും ജയിലിനു മുന്നിലും വലിയ ആള്‍ക്കൂട്ടമുണ്ടായിരുന്നു. എന്നാല്‍ ശാന്തനായ ദിലീപിനെ കണ്ടപ്പോള്‍ തെളിവെടുപ്പിന് പുറത്തിറക്കിയപ്പോഴത്തെ പോലെ കൂക്കിവിളികളൊന്നും ഇന്നുണ്ടായില്ല.ജയിലിന് പുറത്തോ വഴിയിലോ വീടിന് സമീപത്തോ ആരാധകരുടെ സാന്നിദ്ധ്യമുണ്ടായിരുന്നില്ല. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്, കോടതിയുടെ അനുമതി ദുരുപയോഗം ചെയ്യരുത്, അന്വേഷണ ഉദ്ദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം, ചെലവ് സ്വയം വഹിക്കണം തുടങ്ങിയ നിബന്ധനകളോടെയാണ് ദിലീപിന് കോടതി പ്രത്യേക അനുമതി നല്‍കിയിരുന്നത്. ആലുവ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് സുരക്ഷയൊരുക്കിയത്.
നടന്റെ സുരക്ഷയ്ക്കായി 200 ഓളം പൊലീസുകാരെ നിയോഗിച്ചിരുന്നു.
