
ലണ്ടന്‍: നിലവിലെ ചാമ്പ്യന്‍മാരായ ശക്തരായ ആസ്ത്രേലിയെ തകര്‍ത്ത് ഇന്ത്യ വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചു. ഹര്‍മന്‍പ്രീത് കൗറിന്റെ ബാറ്റിങ് വിസ്ഫോടനം ആസ്ത്രേലിയെ ചാരമാക്കിയപ്പോള്‍ കംഗാരുക്കളെ 36 റണ്‍സിനാണ് തകര്‍ത്തത്. മഴമൂലം 42 ഓവറാക്കി ചുരുക്കിയ കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ മറുപടി ബാറ്റിങിനെ ഓസീസിന്റെ പോരാട്ടം 40.1 ഓവറില്‍ 245 റണ്‍സില്‍ അവസാനിച്ചു. സെഞ്ച്വറി നേടിയ കൗറിന്റെ (171*)ബാറ്റിങ് പ്രകടനമാണ് ഇന്ത്യക്ക് സ്വപ്നഫൈനല്‍ സമ്മാനിച്ചത്. മിതാലി രാജ് (36), ദീപ്തി ശര്‍മ (25), വേദ കൃഷ്ണമൂര്‍ത്തി (16*) എന്നിവരും ബാറ്റിങില്‍ തിളങ്ങി. ബൗളിങ് നിരയില്‍ ഇന്ത്യക്കുവേണ്ടി ദീപ്തി ശര്‍മ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജുലാന്‍ ഗോസാമി, ശിഖാ പാണ്ഡെ എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി തിളങ്ങി. രാജേശ്വരി ജയക്വാഡ്, പൂനം യാദവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി തിളങ്ങി. കൗറാണ് മാന്‍ ഓഫ് ദിമാച്ച്. ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. മഴയില്‍ കുതിര്‍ന്ന മൈതാനത്ത് ടോസ് നേടി ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജിന്റെ തീരുമാനത്തെ ആശങ്കയിലാഴ്ത്തുന്ന തുടക്കമായിരുന്നു ഇന്ത്യയുടേത്. നിലവിലെ ചാംപ്യന്‍മാരായ ആസ്ത്രേലിയയുടെ കരുത്തുറ്റ നിര ആദ്യ ഓവറില്‍ തന്നെ കരുത്തുകാട്ടി. അക്കൗണ്ടില്‍ ആറ് റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഓപണര്‍ സ്മൃതി മന്ദാന (6) കൂടാരം കയറി. രണ്ടാം വിക്കറ്റില്‍ മിതാലിക്കൊപ്പം ഭേദപ്പെട്ട ഷോട്ടുകളോടെ പൂനം റൗത്ത് (14) തുടങ്ങിയെങ്കിലും മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താനാവാതെ മടങ്ങി.

ഒരു ഘട്ടത്തില്‍ 9.2 ഓവറില്‍ രണ്ട് വിക്കറ്റിന് 35 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ മൂന്നാം വിക്കറ്റിലെ മിതാലി കൗര്‍ കൂട്ടുകെട്ട് അടിത്തറയേകി. പാതി വഴിയില്‍ മിതാലി വീണെങ്കിലും കൂറ്റന്‍ ഷോട്ടുകളോടെ കളിക്കളത്തില്‍ സര്‍വാധിപത്യം പുലര്‍ത്തിയ കൗര്‍ ഇന്ത്യയെ മികച്ച സ്‌കോറിലേക്കെത്തിക്കുകയായിരുന്നു. ലോകകപ്പ് നോക്കൗട്ട്റൗണ്ടില്‍ ഒരു ഇന്ത്യന്‍ വനിതാ താരം നേടുന്ന ഏറ്റവും മികച്ച സ്‌കോറാണ് കൗര്‍ നേടിയെടുത്തത്. 90 പന്തില്‍ സെഞ്ച്വറി തികച്ച കൗറിന്റെ മാസ്മരികത പിന്നീടും തുടര്‍ന്നപ്പോള്‍ ഓസീസ് ബൗളര്‍മാര്‍ക്ക് കാഴ്ചക്കാരായി നില്‍ക്കാനെ സാധിച്ചുള്ളൂ. 115 പന്തില്‍ 20 ഫോറും ഏഴ് സിക്സറുകളും പറത്തി 171 റണ്‍സുമായി അപരാജിതയായി കൗര്‍ നിലനിന്നപ്പോള്‍ ആറ് തവണ കപ്പില്‍ മുത്തമിട്ട ഓസീസ് ടീമിനും കൈയ്യടിക്കേണ്ടി വന്നു.ആസ്ത്രേലിയക്ക്് വേണ്ടി മേഗന്‍ സ്‌കട്ട്, ആഷല്‍ ഗാര്‍ഡ്നര്‍, ക്രിസ്റ്റിയന്‍ ബീംസ്, എല്‍സി വില്ലനി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി. ജെസ് ജൊനാസെന്‍ ഏഴ് ഓവറില്‍ 63 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റ് നേടാനായില്ല. മറുപടി ബാറ്റിങിനിറങ്ങിയ ഓസീസ് നിരയ്ക്ക് മുന്‍ നിര വിക്കറ്റുകള്‍ തുടക്കത്തിലേതന്നെ നഷ്ടമായി. അലെക്സ് ബ്ലാക്വെല്‍(90) അവസാന ഓവറുകളില്‍ കൂറ്റന്‍ ഷോട്ടുകളില്‍ പായിച്ച് ഓസീസിന് വിജയ പ്രതീക്ഷ നല്‍കിയെങ്കിലും ദീപ്തി ശര്‍മയ്ക്ക് മുന്നില്‍ പരാജയം സമ്മതിക്കുകയായിരുന്നു. എല്‍സി വില്ലനി (75)യും ഓസീസ് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഞായറാഴ്ചയാണ് ഫൈനല്‍ മല്‍സരം.
