കാസര്‍കോട്: വായനാവാരാചരണ ഭാഗമായി കുറ്റിക്കോല്‍, ഞെരു ലാല്‍സലാം ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ‘പൂമുഖപടിയിലെ വായനാനുഭവം’ പരിപാടിക്ക് ജൂലായ് ഒന്ന് മുതല്‍ തുടക്കമായി. ഇതിന്റെ ഭാഗമായി വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് വ്യത്യസ്തമായ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. അന്യം നിന്ന് പോയിക്കൊണ്ടിരിക്കുന്ന വായനാശീലം സമൂഹത്തിലെ പൊതുജനങ്ങള്‍ക്കിടയില്‍ വളര്‍ത്തികൊണ്ടുവരുന്നതിനും ഇതിനായി വിപുലമായ പുസ്തകശേഖരണോത്സവം സംഘടിപ്പിക്കുകയും കയ്യെത്തും ദൂരത്ത് വായനക്കാര്‍ക്ക് പുസ്തകശേഖരം ഒരുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
അപകടസ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും സ്വയ ജീവരക്ഷയ്ക്കും വേണ്ടി ലാല്‍സലാം കലാ- കായിക കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം സംഘടിപ്പിക്കും. ജൂലായ് എട്ടിന് ഞായറാഴ്ച രാവിലെ പത്തുമണിക്ക് പരിശീലനം കുറ്റിക്കോല്‍ അഗ്നിശമന രക്ഷാനിലയം ഓഫീസര്‍ ഉദ്ഘാടനം ചെയ്യും. ലോകകപ്പിന്റെ ആവേശവും ഊര്‍ജവും ഉള്‍ക്കൊണ്ടുകൊണ്ട് സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിക്കും. വൈകീട്ട് മൂന്നു മണിക്ക് ആരംഭിക്കുന്ന മത്സരം ജില്ലയിലെ അറിയപ്പെടുന്ന ഗോള്‍കീപ്പര്‍ ശ്രീജിത്ത് കുറ്റിക്കോല്‍ ഉദ്ഘാടനം ചെയ്യും.
വിജയികള്‍ക്ക് ട്രോഫികള്‍ നല്‍കും. കഴിഞ്ഞദിവസം ചേര്‍ന്ന ലാല്‍സലാം ഗ്രന്ഥാലയത്തിന്റെ യോഗത്തില്‍ പ്രസിഡന്റ് രാധാമണി അധ്യക്ഷയായി. സെക്രട്ടറി പീതാംബരന് സ്വാഗതം പറഞ്ഞു. കല- കായിക കേന്ദ്രത്തിന്റെ യോഗത്തില്‍ പ്രസിഡന്റ് സി.കുട്ടികൃഷ്ണന് അധ്യക്ഷനായി. മിഥുന് സി.എം സ്വാഗതം പറഞ്ഞു.
വായനാവാരാചരണം; ലാല്‍സലാം ഗ്രന്ഥാലയം ‘പൂമുഖപടിയിലെ വായനാനുഭവം’ പരിപാടിക്ക് തുടക്കം