ലുധിയാനകാര്‍ക്ക് മരണമില്ല..കാരണം വോട്ടര്‍മാര്‍ക്ക് പ്രായം 100 വയസിന് മുകളില്‍!

  • Post category:news
  • Reading time:1 min read
You are currently viewing ലുധിയാനകാര്‍ക്ക് മരണമില്ല..കാരണം വോട്ടര്‍മാര്‍ക്ക് പ്രായം 100 വയസിന് മുകളില്‍!

ലുധിയാന: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിലെ ലുധിയാനയില്‍ ഒരു വോട്ടറുടെ പ്രായം കേട്ടാല്‍ ഞെട്ടും..കാരണം ഇത്രയും വര്‍ഷം മനുഷ്യന്‍ ജീവിച്ചിരിക്കുമോ എന്നത് വേറെ കാര്യം. എന്നാല്‍ ലുധിയാന ജില്ലാ ഭരണകൂടം തയ്യാറാക്കിയ വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളുടെ പ്രായം വെറും 263 വയസ്സ്. ഞെട്ടിയല്ലേ..ബാബ ദീപ് സിംഗ് നഗര്‍ സ്വദേശിയായ അശ്വനി കുമാര്‍ ആണ് ആ 263 വയസ്സുള്ള വോട്ടര്‍. ഈ ജില്ലയിലെ വോട്ടര്‍മാരില്‍ 336 പേര്‍ 100 വയസ്സിനു മുകളിലാണ്. എന്നാല്‍ ഇവരില്‍ ഭൂരിപക്ഷത്തിനും 60 വയസ്സ് കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം. യഥാര്‍ത്ഥത്തില്‍ അശ്വിനി കുമാറിന്റെ പ്രായം 40 വയസ്സാണ്. അധികൃതര്‍ വോട്ടര്‍ കാര്‍ഡ് തയ്യാറാക്കിയപ്പോള്‍ പറ്റിയ പിഴവാണ് അശ്വിനിയെ പടുവൃദ്ധനാക്കിയത്. പിഴവ് തെറ്റുതിരുത്തി പുതിയ കാര്‍ഡ് നല്‍കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടുവെങ്കിലും ലഭിച്ചില്ലെന്ന് അശ്വിനി പറഞ്ഞു.

മാച്ചി വാരയിലെ സീത ദേവിയാണ് സെഞ്ച്വറി തികച്ച മറ്റൊരു വോട്ടര്‍. 114 വയസാണ് ഇവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. യഥാര്‍ത്ഥ പ്രായം 45 വയസ്സും. ഖന്ന സ്വദേശിയായ സുരീന്ദര്‍ കൗറിന്റെ പ്രായം 52 വയസാണ്. എന്നാല്‍ വോട്ടര്‍ പട്ടികയില്‍ അവര്‍ 108 കാരിയായി. ന്യൂഅമര്‍ നഗര്‍ സ്വദേശിയായ 27 കാരന്‍ ഇപ്പോള്‍ 117 വയസ്സുള്ള വോട്ടറാണ്. അതേസമയം, 2011ല്‍ മരണമടഞ്ഞ ദലീപ് സിംഗ് ഇപ്പോഴും വോട്ടര്‍ പട്ടികയിലുണ്ട്. 109 വയസ്സാണ് ഇദ്ദേഹത്തിന്റെ പ്രായം. വോട്ടര്‍പട്ടികയില്‍ നിന്ന് പിതാവിന്റെ പേര് നീക്കാന്‍ മരണസര്‍ട്ടിഫിക്കറ്റ് നല്‍കിയെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ലെന്ന് മകന്‍ പറഞ്ഞു. എന്നാല്‍, വോട്ടര്‍ പട്ടികയിലെ തെറ്റുകള്‍ക്ക് തങ്ങള്‍ ഉത്തരവാദികളല്ലെന്നും കമ്പ്യൂട്ടറിലെ സോഫ്റ്റ്‌വെയര്‍ പിഴവാണ് ഇതിനു പിന്നിലെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡി.സി രവി പറഞ്ഞു. തെറ്റുകള്‍ തിരുത്തുന്നതിന് രണ്ട് ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വൈകാതെ ഇവ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

0Shares