
ചെന്നൈ: രാഷ്ട്രീയത്തില്‍ വിജയിക്കാന്‍ പണവും പ്രശസ്തിയും മാത്രം പോരെന്ന് രജനികാന്ത്. ഒരു നടനെ രാഷ്ട്രീയക്കാരനാക്കി മാറ്റുന്നത് വിലപ്പെട്ട മറ്റുചിലതാണ്. അതെന്താണെന്ന് കമല്‍ഹാസന് അറിയാം. രണ്ടുമാസം മുമ്പ് ചോദിച്ചിരുന്നുവെങ്കില്‍ അദ്ദേഹം പറഞ്ഞുത്തരുമായിരുന്നു. എന്നാല്‍ ഇന്ന് ചോദിക്കുമ്പോള്‍ എന്റെയൊപ്പം വരൂ എല്ലാം മനസിലാക്കിത്തരാം എന്നാണ് പറയുന്നതെന്ന് രജനികാന്ത് പറഞ്ഞു. ചെന്നൈയില്‍ ശിവാജി ഗണേശന്‍ സ്മാരകം ഉദ്ഘാടനം ചെയ്ത ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചടങ്ങിലെത്തിയ കമല്‍ഹാസന്‍ സ്മാരകം ഉദ്ഘാടനം വൈകിയതിന് സര്‍ക്കാരിനെ വിമര്‍ശിച്ചു.

എ. ഐ. എ. ഡി.എം. കെയുമായി കടുത്ത ഭിന്നതയുള്ള കമല്‍ഹാസന്‍ ഡി. എം. കെയുമായും ബി. ജെ. പിയുമായും കൂട്ടുകെട്ടിനില്ലെന്നും വ്യക്തമാക്കിയിരുന്നു. രജനികാന്താണ് തനിക്ക് ഏറ്റവും സ്വികാര്യനായ വ്യക്തിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ നിലവിലുള്ള സംവിധാനം ശുദ്ധീകരിക്കുന്നതിനുവേണ്ടി രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തയ്യാറാണെന്നാണ് രജനികാന്ത് വ്യക്തമാക്കിയത്. രാഷ്ട്രീയത്തിനപ്പുറം ജനങ്ങളെ സ്വാധീനിക്കാന്‍ കഴിഞ്ഞ നടനായിരുന്നു ശിവജി ഗണേശനെന്ന് കമല്‍ഹാസന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ശില്‍പ്പം അനാച്ഛാദനം ചെയ്യാന്‍ ആരോടും അപേക്ഷിച്ചിരുന്നില്ല. ആര് എതിര്‍ത്താലും ഈ ചടങ്ങില്‍ താന്‍ പങ്കെടുക്കുമായിരുന്നു. തന്നെ പുറത്തുനിര്‍ത്തിയാല്‍പോലും ചടങ്ങിന് എത്തുമായിരുന്നുവെന്ന് കമല്‍ഹാസന്‍ പറഞ്ഞു. തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വമാണ് ശിവാജി സ്മാരകം ഉദ്ഘാടനം ചെയ്തത്.
