രാജസ്ഥാനില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം; പശുവിൻ്റെ പേരില്‍ 50 കാരനെ ഗോരക്ഷകര്‍ ക്രൂരമായി മര്‍ദ്ദിച്ചുകൊന്നു

  • Post category:news
  • Reading time:1 min read
You are currently viewing രാജസ്ഥാനില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം; പശുവിൻ്റെ  പേരില്‍ 50 കാരനെ ഗോരക്ഷകര്‍ ക്രൂരമായി മര്‍ദ്ദിച്ചുകൊന്നു

ജയ്പൂര്‍: രാജസ്ഥാനില്‍ പശുവിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. 50 വയസുകാരനായ അക്ബര്‍ ഖാന്‍ എന്നായാളെയാണ് ഒരുകൂട്ടം പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുകൊന്നത്. ഹരിയാന സ്വദേശിയായ അക്ബര്‍ ഖാന്‍ തന്റെ താമസ സ്ഥലമായ കൊല്‍ഗാന്‍വില്‍ നിന്ന് രണ്ട് പശുക്കളെ രാംഗറിലേക്ക് കൊണ്ടുപോകുമ്പോഴാണ് ഗോരക്ഷകരുടെ ആക്രമണത്തിനിരയായത്. രാജസ്ഥാനിലെ അല്‍വാറില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. അല്‍വാര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഇപ്പോള്‍ അക്ബര്‍ ഖാന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. അല്‍വാറില്‍ ദേശീയപാത എട്ടില്‍ വെച്ചാണ് കഴിഞ്ഞ വര്‍ഷം 50 വയസുള്ള പെഹ്‌ലുഖാനും കുടുംബാംഗങ്ങളും ക്രൂരമായ ആക്രമണത്തിനിരയായത്. തുടര്‍ന്ന് സമീപത്തെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പെഹ്‌ലുഖാന്‍ മരണത്തിന് കീഴടങ്ങിയിരുന്നു. ഇതിന്റെ വാര്‍ഷികമായിരുന്നു വെള്ളിയാഴ്ച.ലോക്‌സഭയിലെ അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ ആള്‍ക്കൂട്ട കൊലപാതകങ്ങളെ കുറിച്ച് ലോക്സഭയില്‍ ചൂടേറിയ വാദങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനില്‍ ആള്‍ക്കൂട്ട കൊലപാതകം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവം. കഴിഞ്ഞ കുറേ മാസങ്ങളായി വ്യാജ വാട്ട്സ് ആപ്പ് സന്ദേശങ്ങളെ തുടര്‍ന്ന് നിരവധി പേര്‍ ആള്‍കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

0Shares