ന്യൂഡല്‍ഹി: ഗൊരഖ്പൂരിലെ കൂട്ട ശിശുമരണത്തില്‍ യോഗി സർക്കാർ അറസ്റ്റ് ചെയ്ത് ജയിലിലടച്ച ഡോക്ടര്‍ കഫീല്‍ ഖാന് ജാമ്യം ലഭിച്ചു. അലഹബാദ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. എട്ടുമാസത്തോളമായി കഫീല്‍ ഖാന് ജയിലില്‍ കഴിയുകയായിരുന്നു. ഗൊരഖ്പൂരിലെ ബാബ രാഘവ് ദാസ് ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 70 കുട്ടികളാണ് ഓക്സിജന്‍ കിട്ടാതെ മരിച്ചത്. മരണനിരക്ക് കൂടാതിരിക്കാന്‍ കഫീല്‍ ഖാൻ്റെ സമയോചിത ഇടപെടലാണ് ഗുണകരമായത്. എന്നാല്‍ കുരുന്നുകളുടെ ജീവന് രക്ഷിച്ച ഡോക്ടറെ അഭിനന്ദിക്കുന്നതിന് പകരം ഭീഷണിപ്പെടുത്തുകയാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചെയ്തത്.
അത്യാഹിതം നടക്കുന്ന സമയത്ത് കുട്ടികളുടെ വാര്‍ഡിൻ്റെ ചുമതല കഫീല്‍ ഖാനായിരുന്നില്ല. എന്നാല്‍ ഡോ.കഫീല്‍ ഖാന് രാത്രി മുഴുവന്‍ ഉറങ്ങാതെ ജോലി ചെയ്യുകയും സ്വന്തം പണം ചെലവാക്കി ഓക്സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ അടക്കം ചാനലുകളിൽ വർത്തയാവുകയും ചെയ്തു. ഓക്സിജന്‍ സിലിണ്ടറിന് സ്വകാര്യ ഏജന്‍സിക്ക് സർക്കാർ കൊടുക്കാനുള്ള പണം നല്‍കാത്തത് കൊണ്ടാണ് പുതിയ സിലിണ്ടറുകൾ എത്താതിരുന്നതെന്നും കഫീല്‍ ഖാന് അന്ന് വ്യക്തമാക്കിയിരുന്നു. ഈ സത്യം പുറത്തായതാണ് ഡോക്ടര്‍ക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കാന്‍ യോഗി സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
യോഗി സർക്കാരിൻ്റെ പ്രതികാര നടപടിക്ക് വിധേയനായി ജയിലിലായിരുന്ന ഡോ.കഫീല്‍ ഖാന് ജാമ്യം; സർക്കാരിൻ്റെ ഉദാസീനത മൂലമുണ്ടായ ശിശുമരണത്തിൽ ഒരു ഡോക്ടറോട് ബി.ജെ.പി സർക്കാർ ചെയ്ത ക്രൂരത