കൊച്ചി: സെല്‍ഫി വീഡിയോകളിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധാകേന്ദ്രമായ തൃശൂര്‍ പെരുമ്പിലാവ് സ്വദേശി നസീഹ് അഷ്റഫിനെ പോലീസ് അറസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചെന്ന് കാണിച്ച് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ നല്‍കിയ പരാതിയിലാണ് പോലീസ് നടപടിയെടുത്തത്. കഴിഞ്ഞ ദിവസം മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനുമെതിരെ രൂക്ഷമായ ആരോപണമാണ് ഇയാള്‍ സമൂഹമാധ്യമങ്ങളിലൂടെ ഉന്നയിച്ചത്. നേരത്തെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ക്യാംപസില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സദാചാരഗുണ്ടായിസം നടത്തിയെന്ന വാര്‍ത്തയെത്തുടര്‍ന്ന് നസീഹ് പോസ്റ്റ് ചെയ്ത സെല്‍ഫി വീഡിയോ വൈറലായിരുന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകരേയും സംഘടനയേയും രൂക്ഷമായി വിമര്‍ശിച്ചും വെല്ലുവിളിച്ചും നസീഹ് വീഡിയോയില്‍ സംസാരിച്ചിരുന്നു. നടന്‍ മോഹന്‍ലാലിനും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനുമെതിരെ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിന് വീട്ടില്‍ കയറി യുവാവിനെ അറസ്റ്റു ചെയ്ത പോലീസ് നടപടിയില്‍ ഇപ്പോള്‍ ഞെട്ടിയിരിക്കുകയാണ് സൈബര്‍ ലോകം. ഐ ടി ആക്ടിലെ 66 (എ )വകുപ്പും പോലീസ് ആക്ടിലെ 118 ഡി വകുപ്പും സുപ്രീംകോടതി തന്നെ റദ്ദാക്കിയിരിക്കുന്ന പശ്ചാത്തലത്തില്‍ പോലീസ് സ്വീകരിച്ച കടുത്ത നടപടി ചൂടുള്ള ചര്‍ച്ചക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. സാധാരണ ഇത്തരം പരാതികളില്‍ ഇരുവിഭാഗത്തെയും വിളിച്ചു വരുത്തി ഒത്തുതീര്‍പ്പാക്കല്‍, ശാസന, അതല്ലെങ്കില്‍ സൈബര്‍ ആക്ട് പ്രകാരം കേസെടുത്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിടലാണ് പോലീസ് നടത്തിവരാറുള്ളത്.

ഇതിനു പുറമെ കോടതിയില്‍ മാനനഷ്ടത്തിന് കേസുകളും പരാതിക്കാരില്‍ ഒരു വിഭാഗം ഫയല്‍ ചെയ്യാറുണ്ട്. എന്നാല്‍ ഇവിടെ സൂപ്പര്‍ താരത്തിന് നൊന്തപ്പോള്‍ നിയമമെല്ലാം ‘മാറ്റി’ വച്ച് നടപടിയും പോലീസ് തന്നെ സൂപ്പറാക്കി. വീട്ടില്‍ പോയി തന്നെ പ്രതിയെ പൊക്കി. എന്നാല്‍ പരസ്പര ബന്ധമില്ലാതെയാണ് ഇയാള്‍ പോലീസ് സ്റ്റേഷനിലും സംസാരിച്ചത്. യുവാവിന് മാനസിക വിഭ്രാന്തിയുണ്ടെന്നുള്ള സര്‍ട്ടിഫിക്കറ്റ് യുവാവിന്റെ മാതാവ് പോലീസിന് കൈമാറി. ഇതോടെ ഇയാളെ തൃശൂര്‍ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. സോഷ്യല്‍ മീഡിയയെ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരെ നിരവധി പരാതികള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കെ അവിടെയൊന്നും കാണിക്കാത്ത ‘ആവേശം’ സൂപ്പര്‍ താരത്തിനെതിരെ വന്നപ്പോള്‍ മാത്രം കാണിക്കുന്നതിന്റെ യുക്തിയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. സോഷ്യല്‍ മീഡിയകളില്‍ അപമാനിക്കപ്പെട്ട സാധാരണക്കാരന്‍ പരാതിയുമായി ചെല്ലുമ്പോള്‍ സുപ്രീം കോടതി വിധി ചൂണ്ടികാട്ടി ഒഴിയുന്നവര്‍ താരപ്പകിട്ടിനു മുന്നില്‍ നിയമം മാറ്റി എഴുതുകയാണോ എന്ന വിമര്‍ശനവും ഇതിനകം ഉയര്‍ന്നു കഴിഞ്ഞു.