മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഈവര്‍ഷത്തെ ഓണാഘോഷം മാറ്റിവക്കണം; ഓണാഘോഷത്തിനായി സര്‍ക്കാര്‍ മാറ്റിവെച്ച 30 കോടി രൂപ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവഴിക്കണമെന്ന് രമേശ് ചെന്നിത്തല

  • Post category:news
  • Reading time:1 min read
You are currently viewing മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഈവര്‍ഷത്തെ ഓണാഘോഷം മാറ്റിവക്കണം; ഓണാഘോഷത്തിനായി സര്‍ക്കാര്‍ മാറ്റിവെച്ച 30 കോടി രൂപ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവഴിക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളം ഇപ്പോള്‍ നേരിടുന്ന കടുത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തെ സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ മാറ്റി വക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓണാഘോഷത്തിനായി സര്‍ക്കാര്‍ മാറ്റിവെച്ച 30 കോടി രൂപ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിലയ്ക്കാത്ത മഴ കാരണം വളരെ അസാധാരണമായ സഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും ഇതിനെ നേരിടാന്‍ എല്ലാ യു.ഡി.എഫ് പ്രവര്‍ത്തകരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ജനങ്ങളെ സഹായിക്കാനും, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനും, യു.ഡി.എഫ് എം.എല്‍.എമാരും ജനപ്രതിനിധികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണം.കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ദുരന്തമാണ് നേരിടുന്നത്. കേരളം ഒറ്റക്കെട്ടായി നിന്ന് ഈ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകണം. മഴക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇതുവരെ 26 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇടുക്കി, വയനാട്, എറണാകുളം, കണ്ണൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളില്‍ കനത്ത നാശ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കൂടുതല്‍ മെഡിക്കല്‍ ടീമിനെ അയക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി സഹായം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തില്‍ നിന്ന് സാധാരണയായി കിട്ടുന്ന സഹായം മാത്രമേ ഇപ്പോള്‍ ലഭിച്ചിട്ടുള്ളൂ. അതല്ലാതെ കൂടതല്‍ സഹായം പ്രധാനമന്ത്രി ഉള്‍പ്പെടയുള്ളവര്‍ ഇടപെട്ട് നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

0Shares