
താഴ്ന്ന പ്രദേശങ്ങളിൽ പ്രളയജലം കയറിയിറങ്ങിയതിനെത്തുടർന്ന് കക്കൂസുകളിൽ നിന്നുള്ള മാലിന്യങ്ങളുൾപ്പെടെ, കാനകളും, തോടുകളും കവിഞ്ഞൊഴുകിയിരിക്കുന്നതിനാൽ കുടിവെള്ള സ്രോതസ്സുകളും, വീടും, പരിസരവും മലിനമായിരിക്കും. ഇത് വയറിളക്കരോഗങ്ങൾ, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയവ പടർന്നുപിടിക്കുന്നതിന് ഇടയാക്കുമെന്നതിനാൽ താഴെ പറയുന്ന മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതാണ്.
• വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിൽ വീടുകളും, സ്ഥാപനങ്ങളും ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശ പ്രകാരം അണുനശീകരണി ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയതിന് ശേഷം മാത്രം വീണ്ടും ഉപയോഗിക്കുക.
• വെള്ളക്കെട്ട് മൂലം മലിനപ്പെട്ട കിണറുകളും, കുടിവെള്ള ടാങ്കുകളും ആരോഗ്യ പ്രവർത്തകരുടെ നിർദേശ പ്രകാരം ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ശുദ്ധീകരിച്ചതിന് ശേഷം മാത്രo ഉപയോഗിക്കുക.
• കക്കൂസ് ടാങ്കിന്റെ കേടുപാടുകൾ പരിശോധിച്ച് അത് വെള്ളപ്പൊക്കത്തിൽ തകർന്നിട്ടില്ല എന്ന് ഉറപ്പ് വരുത്തേണ്ടതും , കേടുപാടുകൾ ഉണ്ടെങ്കിൽ റിപ്പയർ ചെയ്യേണ്ടതുമാണ്. ശുചിമുറിയും പരിസരവും വൃത്തിയാക്കിയിട്ടു വേണം ഉപയോഗിക്കുവാൻ.
• കൈ കാലുകളിൽ മുറിവുള്ളവർ ഡോക്ടറെ കണ്ട് ഉപദേശം തേടിയതിനു ശേഷം ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുക .
• മലിനജലത്തിൽ ജോലി ചെയ്യേണ്ട സാഹചര്യത്തിൽ വ്യക്തിഗത സുരക്ഷാ ഉപാധികൾ ( ഗംബൂട്ട്, കയ്യുറ, തുടങ്ങിയവ ) നിർബന്ധമായും ഉപയോഗിക്കേണ്ടതാണ്.
• വീടുകളിൽ തുറന്ന നിലയിൽ സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കളും മറ്റും ഏലി മൂത്രത്താൽ മലിനമായിരിക്കുവാൻ ഇടയുള്ളതിനാൽ അവ ഉപയോഗിക്കരുത്.
• പാകം ചെയ്യുവാൻ ഉപയോഗിക്കുന്ന പാത്രങ്ങൾ, ഗ്ലാസ്സുകൾ തുടങ്ങിയ വസ്തുക്കൾ തിളപ്പിച്ച വെള്ളത്തിൽ/ 1% ക്ലോറിൻ ലായനിയിൽ 20 – 30 മിനിറ്റ് വച്ച ശേഷം കഴുകിയെടുത്തതിന് ശേഷം ഉപയോഗിക്കുക.
• വീട് വൃത്തിയാക്കുമ്പോൾ പാഴ്വസ്തുക്കൾ അലക്ഷ്യമായി വലിച്ചെറിയരുത്.
• ഈച്ച ശല്യം ഒഴിവാക്കുന്നതിനായി ഭക്ഷണാവശിഷ്ടങ്ങൾ പുറത്തേക്ക് വലിച്ചെറിയാതിരിക്കാൻ ശ്രെദ്ധിക്കുക.
• ഭക്ഷണസാധനങ്ങൾ അടച്ചു സൂക്ഷിക്കുക.

• ചുറ്റുപാടും വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകുവാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക.
• വീടിനു പുറത്ത് ഇറങ്ങുമ്പോഴെല്ലാം നിർബന്ധമായും ചെരുപ്പ് ഉപയോഗിക്കുക.
• തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
• ആഹാരം കഴിക്കുന്നതിനു മുൻപും, ഭക്ഷണ സാധനങ്ങൾ കൈകാര്യം ചെയ്യുന്നതിന് മുൻപും, ശൗചാലയം ഉപയോഗിച്ചതിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക.
• വൈറൽ പനി, എച്ച് 1 എൻ 1, മുതലായ പകർച്ചവ്യാധികൾ തടയുവാൻ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല ഉപയോഗിച്ച് മറയ്ക്കേണ്ടതാണ്.
• തുറസ്സായ സ്ഥലങ്ങളിൽ തുപ്പുകയോ മലമൂത്ര വിസർജ്ജനം നടത്തുകയോ ചെയ്യരുത്.
• പനിയോ, മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടായാൽ സ്വയം ചികിൽസിക്കാതെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടേണ്ടതാണ്
ബ്ലീച്ചിംഗ് പൌഡർ ഉപയോഗിച്ച് അണുനശീകരണം നടത്തേണ്ടവിധം:
വെള്ളപൊക്കത്തിനു ശേഷം ജലം ശുദ്ധീകരിക്കാനും, വീടുകൾ അണുവിമുക്തമാക്കാനും ഏറ്റവും നല്ല മാർഗം ക്ലോറിനേഷൻ തന്നെയാണ്.
a. ബ്ലീച്ചിംഗ് പൌഡർ ഉപയോഗിച്ച് കിണറിലെ വെള്ളം ശുദ്ധീകരിക്കുന്ന രീതി
1.കിണറിലെ വെള്ളത്തിന്റെ അളവ് കണക്കാക്കുക . അതിന് ആദ്യം കിണറിന്റെ വ്യാസം മീറ്ററില്‍ കണക്കാക്കുക (D). തുടർന്ന് ബക്കറ്റ് കിണറിന്റെ ഏറ്റവും അടിയിൽ വരെ ഇറക്കി നിലവിൽ ഉള്ള വെള്ളത്തിന്റെ ആഴം മീറ്ററില്‍ കണക്കാക്കുക (H)
വെള്ളത്തിന്റെ അളവ് = 3.14 x D x D x H x 250 ലിറ്റർ
3. സാധാരണ ക്ലോറിനേഷനൻ നടത്താൻ 1000 ലിറ്ററിന് 2.5 ഗ്രാം ബ്ലീച്ചിംഗ് പൌഡർ ആണ് ആവശ്യം വരിക. എന്നാൽ വെള്ളപ്പൊക്കത്തിനു ശേഷം വെള്ളം അതീവ മലിനം ആയിരിക്കും എന്നതു കൊണ്ട് സൂപ്പർ ക്ലോറിനേഷൻ നടത്തേണ്ടതുണ്ട്. ഇതിനായി 1000 ലിറ്ററിന് 5 ഗ്രാം (ഏകദേശം ഒരു ടീസ്പൂണ്‍ കൂമ്പാരം ആയി) ബ്ലീച്ചിംഗ് പൌഡർ ആണ് ആവശ്യം.
4. വെള്ളത്തിന്റെ അളവ് വച്ച് ആവശ്യമായ ബ്ലീച്ചിംഗ് പൌഡർ പ്ലാസ്റ്റിക് ബക്കറ്റിൽ എടുക്കുക. ഇതിൽ അല്പം വെള്ളം ചേർത്ത് കുഴമ്പ് പരുവത്തിൽ ആക്കുക. നന്നായി കുഴമ്പ് ആയ ശേഷം ബക്കറ്റിന്റെ മുക്കാൽ ഭാഗം വെള്ളം ഒഴിച്ച് ഇളക്കുക. ശേഷം ബക്കറ്റ് 10 മിനിറ്റ് അനക്കാതെ വെക്കുക
5. 10 മിനിറ്റ് കഴിയുമ്പോൾ ലായനിയിലെ ചുണ്ണാമ്പ് അടിയിൽ അടിയും . മുകളിൽ ഉള്ള വെള്ളത്തിൽ ക്ലോറിൻ ലയിച്ച് ചേർ ന്നിരിക്കും. വെള്ളം കോരുന്ന ബക്കറ്റിലേക്ക് ഈ തെളി ഒഴിച്ച ശേഷം ബക്കറ്റ് കിണറിന്റെ ഏറ്റവും അടിയിലേക്ക് ഇറക്കി പൊക്കുകയും താഴ്ത്തുകയും ചെയ്തു വെള്ളത്തിൽ ക്ലോറിൻ ലായനി നന്നായി കലർ ത്തുക.
6. 1 മണിക്കൂർ സമയം വെള്ളം അനക്കാതെ വച്ച ശേഷം കിണറിലെ വെള്ളം ഉപയോഗിച്ച് തുടങ്ങാം.
b. ബ്ലീച്ചിംഗ് പൌഡർ ഉപയോഗിച്ച് വീടിന്റെ തറയും പരിസരവും വൃത്തിയാക്കുന്ന രീതി
വീടിന്റെ തറയിൽ അടിഞ്ഞിരിക്കുന്ന ചെളിയും മറ്റും ആദ്യം നന്നായി വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.
അതിനു ശേഷം 1% ക്ലോറിൻ ലായനി ഒഴിച്ച ശേഷം ചുരുങ്ങിയത് 20 – 30 മിനിറ്റ് സമ്പർക്കം ലഭിച്ചാൽ മാത്രമേ അണു നശീകരണം കൃത്യമായി നടക്കൂ.
(1% ക്ലോറിൻ ലായനി തയ്യാറാകുന്ന വിധം: 6 ടീ സ്പൂണ്‍ ബ്ലീച്ചിംഗ് പൌഡർ എടുത്തു കുഴമ്പ് പരുവത്തിൽ ആക്കുക. അതിനു ശേഷം അതിലേക്ക് 1 ലിറ്റർ വെള്ളം ചേർക്കുക. മുകളിൽ പറഞ്ഞ പോലെ കലക്കി 10 മിനിറ്റ് വച്ച ശേഷം, അതിന്റെ തെളി എടുത്തു വേണം തറ തുടക്കാനും, പരിസരത്ത് ഒഴിക്കാനും. കൂടുതല്‍ ആവശ്യം എങ്കില്‍ ഒരു ലിറ്ററിന് 6 ടീസ്പൂണ്‍ എന്ന കണക്കിന് ലായനി തയ്യാറാക്കാം. )
4. അര മണിക്കൂറിനു ശേഷം മണം ഉള്ള മറ്റു ലായനികൾ ഉപയോഗിച്ച് തറ വൃത്തി ആക്കി ക്ലോറിൻറെ മണം മാറ്റാം.
(എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിക്കുന്നത്)
