കണ്ണൂര്‍: പ്രമുഖ പൗരാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന കെ പാനൂര്‍(94) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെതുടര്‍ന്ന് കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലായിരുന്നു അന്ത്യം. 2006 ല്‍ സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കുഞ്ഞിരാമന്‍ പാനൂരാണ് കെ.പാനൂര്‍ എന്ന തൂലികാനാമം സ്വീകരിച്ചത്. കവി, ഗദ്യകവി, ഉപന്ന്യാസകാരന്‍ എന്നീ നിലകളില്‍ വിദ്യാര്‍ത്ഥിജീവിതകാലത്തു തന്നെ എഴുത്തിന്റെ രംഗത്ത് സജീവമായിരുന്നു. കേരളത്തിലെ ആഫ്രിക്ക, ഹാ നക്സല്‍ബാരി, കേരളത്തിലെ അമേരിക്ക എന്നിവയാണ് പ്രധാനപ്പെട്ട കൃതികള്‍.
കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ റവന്യൂ വിഭാഗം ജീവനക്കാരനായാണ് ഔദ്യോഗികജീവിതം ആരംഭിക്കുന്നത്. പിന്നീട് ആദിവാസിക്ഷേമവിഭാഗത്തില്‍ സേവനം അനുഷ്ഠിച്ചിരുന്നു. കേരളത്തില്‍ പലയിടങ്ങളിലായി ആദിവാസി ക്ഷേമപ്രവര്‍ത്തനത്തില്‍ അഴിമതിമുക്തമായ സേവനം നടത്തി. ഡപ്യൂട്ടി കലക്ടറായാണ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്. മലയാള കലാഗ്രാമം സ്ഥാപിക്കപ്പെട്ടപ്പോള്‍ അതിന്റെ റജിസ്ട്രാറായി നിയമിക്കപ്പെട്ടു. പത്തു വര്‍ഷത്തോളം ആ പദവി വഹിച്ചു. 
എഴുത്തിനും സാമൂഹികപ്രവര്‍ത്തനത്തിനും കൂടുതല്‍ സമയം കണ്ടത്താനായി പദവി ഉപേക്ഷിച്ചു. അരനൂറ്റാണ്ടുമുമ്പുണ്ടായിരുന്ന വയനാടിനെയും വനവാസികളെയും ആസ്പദമാക്കി കെ. പാനൂര്‍ രചിച്ച കേരളത്തിലെ ആഫ്രിക്ക മലയാള ഗ്രന്ഥമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയോടെ തിരുവിതാംകൂറില്‍ നിന്നുണ്ടായ കുടിയേറ്റത്തിന് മുമ്പുള്ള സാമൂഹിക മണ്ഡലമാണ് ‘കേരളത്തിലെ ആഫ്രിക്ക’യില്‍ പരാമര്‍ശിക്കുന്നത്. ഇപ്പോള്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ബിരുദ തലത്തില്‍ പഠന വിഷയമാണ് ഈ പുസ്തകം. സംസാകാരം ബുധനാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: ഹീര ഭായി. മക്കള്‍: ഹിരണ്‍ കുമാര്‍,ഹരീഷ് ബാബു, ഹെല്‍ന,ഹെമുലാല്‍.