
അലഞ്ഞുനടക്കുന്ന കാലികളുടെ പുനരധിവാസം ഉറപ്പാക്കാൻ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യോഗം വിളിച്ചു. ഗോ സേവാ ആയോഗ്, മൃഗ സംരക്ഷണ വകുപ്പ് എന്നിവയുടെ ഉദ്യോഗസ്ഥരുമായി ലോക് ഭവനിലായിരുന്നു ചര്‍ച്ച. എല്ലാ ഗോ ശാലകളും കൂടുതല്‍ മികവുറ്റതാക്കാന്‍ യോഗത്തില്‍ നിര്‍ദേശം നല്കി.

കൃത്യമായ ഇടവേളകളില്‍ ജില്ലകളിലെ ഗോ ശാലകളില്‍ സന്ദര്‍ശനം നടത്തി നിര്‍മാണവും അറ്റകുറ്റപ്പണിയും നിരീക്ഷിക്കാന്‍ ഗോ സേവാ ആയോഗ് ചെയര്‍മാനോടും അംഗങ്ങളോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജില്ല മജിസ്ട്രേറ്റും ചീഫ് വെറ്ററിനറി ഓഫീസറും സംഘത്തോടൊപ്പം ഉണ്ടായിരിക്കണം. ഈ സംഘത്തിനാകും പശുക്കളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനുള്ള ചുമതലയും. പശുക്കളെ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കാത്ത ഉടമക്ക് കാലിത്തീറ്റ വാങ്ങാന്‍ ദിവസവും 30 രൂപ നല്‍കും.
ഇതിനുള്ള പണം ഗോ സേവാ ആയോഗിന്റെ അക്കൗണ്ടിലേക്ക് മൃഗ സംരക്ഷണ വകുപ്പ് നേരിട്ട് നല്‍കുമെന്നും മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു. കന്നൗജ് ജില്ലയിലെ ജലാലാബാദിലെ ഗോശാലയില്‍ ആഴ്ചകള്‍ക്ക് മുമ്പ് ഒരു ഡസനിലധികം പശുക്കള്‍ വിശന്ന് ചത്തിരുന്നു. ഇതേതുടര്‍ന്ന് ഗോശാലക്ക് മുന്നില്‍ പ്രദേശവാസികള്‍ പ്രതിഷേധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് യോഗിയുടെ തീരുമാനങ്ങള്‍.
