നഗരത്തിൽ എത്തുന്നവർക്ക് വിശക്കുന്നെങ്കിൽ ഭക്ഷണം എടുത്തു കഴിക്കാം; ആരും പണം കൊടുക്കേണ്ടതില്ല

  • Post category:business / news
  • Reading time:1 min read
You are currently viewing നഗരത്തിൽ എത്തുന്നവർക്ക് വിശക്കുന്നെങ്കിൽ ഭക്ഷണം എടുത്തു കഴിക്കാം; ആരും പണം കൊടുക്കേണ്ടതില്ല

കാസര്‍കോട്‌: പണമില്ലെന്നോര്‍ത്ത്‌ നഗരത്തിലെത്തുന്നവര്‍ ഇനി വിശന്നിരിക്കേണ്ടതില്ല. വിശപ്പ് തോന്നുന്ന ആര്‍ക്കും ടൗണ്‍ പൊലീസ്‌ സ്റ്റേഷന്‌ മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ഫുഡ്‌ചില്ലറില്‍ നിന്നും ഭക്ഷണം എടുത്ത് കഴിക്കാം. കാസര്‍കോട്‌ ടൗണ്‍ പൊലീസിൻ്റെ നേതൃത്വത്തിലാണ്‌ ഒരു നേരത്തെ അന്നത്തിന്‌ വകയില്ലാത്തവര്‍ക്കായി അക്ഷയ പാത്രം പദ്ധതി ആരംഭിച്ചത്‌.

ഡി.വൈ.എസ്‌.പി പി.പി സദാനന്ദനാണ്‌ സ്വപ്ന പദ്ധതിക്ക്‌ നേതൃത്വം നല്‍കിയത്‌. കണ്ണൂര്‍, വടകര, കോഴിക്കോട്‌ എന്നിവിടങ്ങളില്‍ പദ്ധതി വിജയകരമായി നടപ്പിലാക്കിയിരുന്നു. ഇതിൻ്റെ ചുവടു പിടിച്ചാണ്‌ കാസര്‍കോട്ടും പദ്ധതി തയ്യാറാക്കിയത്‌. അക്ഷയ പാത്രത്തിന്റെ ഉദ്‌ഘാടനം കഴിഞ്ഞ ദിവസം ജില്ലാ പോലീസ് ചീഫ് ജെയിംസ് ജോസഫ് നിർവ്വഹിച്ചു. നഗരത്തിലെ ഹോട്ടല്‍ വ്യാപാരികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പദ്ധതിക്ക്‌ നേതൃത്വം നല്‍കും.

ഓരോ ദിവസവും ഉച്ചയ്‌ക്ക്‌ 50 പേര്‍ക്കുള്ള ഭക്ഷണമാണ്‌ ഒരുക്കുക. അക്ഷയ പാത്രത്തിലേയ്‌ക്ക്‌ ഭക്ഷണം സംഭാവന ചെയ്യാന്‍ താല്‍പ്പര്യം ഉള്ളവര്‍ പൊലീസിനെ അറിയിക്കണമെന്ന്‌ ഡി.വൈ.എസ്‌.പി പി.പി സദാനന്ദന്‍ പറഞ്ഞു. മദ്യപിച്ചെത്തുന്നവര്‍ക്ക്‌ ഭക്ഷണം നല്‍കുന്നതല്ലെന്നും പദ്ധതി ദുരുപയോഗം ചെയ്യുന്നവര്‍ സി.സി.ടി.വി ക്യാമറയുടെ നിരീക്ഷണത്തിൽ ആയിരിക്കുമെന്നും പൊലീസ്‌ പറഞ്ഞു.

0Shares