ഭീക്ഷണിപ്പെടുത്തിയാല്‍ തകര്‍ന്ന് പോകുന്നവരല്ല കോണ്‍ഗ്രസ്; കോണ്‍ഗ്രസിന്‍റെ സഹനശക്തി ബി.ജെ.പിക്കറിയില്ല: കെ. സുധാകരൻ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ഭീക്ഷണിപ്പെടുത്തിയാല്‍ തകര്‍ന്ന് പോകുന്നവരല്ല കോണ്‍ഗ്രസ്; കോണ്‍ഗ്രസിന്‍റെ സഹനശക്തി ബി.ജെ.പിക്കറിയില്ല: കെ. സുധാകരൻ

ജനാധിപത്യത്തിന്‍റെ ശവക്കുഴി ബിജെപി തോണ്ടുകയാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. മുന്‍ എ.ഐ.സി.സി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വായ് മൂടികെട്ടാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതികാര നടപടിയില്‍ പ്രതിഷേധിച്ച് എ.ഐ.സി.സി ആഹ്വാനപ്രകാരം ഡിസിസികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സത്യഗ്രഹത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ നിര്‍വഹിച്ച് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

വിമര്‍ശിക്കാനുള്ള അവകാശം ജനാധിപത്യത്തിന്‍റെ ആത്മാവാണ്. അതിനെ ഇല്ലായ്മ ചെയ്യാനാണ് ബി.ജെ.പി ഭരണകൂടം ശ്രമിക്കുന്നത്. പ്രതിപക്ഷ പദവിക്ക് യോഗ്യത ഇല്ലാഞ്ഞിട്ട് പോലും എ.കെ.ജിയെ പ്രതിപക്ഷനേതാവായി പ്രതിഷ്ഠിച്ച നെഹ്റുവിനെ പോലുള്ള പ്രധാനമന്ത്രിമാരാണ് നമ്മുടെ ജനാധിപത്യത്തിന്‍റെ അന്തസ്സ്.

പ്രതിപക്ഷത്തിന്‍റെ അവകാശങ്ങള്‍ സംരക്ഷിച്ചതാണ് കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ പാരമ്പര്യം. രാജ്യത്തിന്‍റെ സമ്പത്ത് കൊള്ളയടിച്ചവരുടെ പേരിനൊപ്പം പ്രധാനമന്ത്രിയുടെ പേരും പരാമര്‍ശിച്ചതാണോ രാഹുല്‍ ഗാന്ധി ചെയ്ത കുറ്റം. ഭീക്ഷണിപ്പെടുത്തിയാല്‍ തകര്‍ന്ന് പോകുന്നവരല്ല കോണ്‍ഗ്രസ്. ചൂട്ട് കാണിച്ച് കോണ്‍ഗ്രസിനെ ഭയപ്പെടുത്താമെന്ന് ബിജെപി കരുതണ്ട. ഇതിലും വലിയ പ്രതിസന്ധികളെ കോണ്‍ഗ്രസ് അതിജീവിച്ചിട്ടുണ്ട്.

കോണ്‍ഗ്രസിന്‍റെ സഹനശക്തി ബി.ജെ.പിക്കറിയില്ല. ജനശക്തിയുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്.ആ ജനശക്തിക്ക് മുന്നില്‍ ഏകാധിപത്യ ഭരണകൂടത്തിന് തലകുനിക്കേണ്ടി വരും. സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതിയുടെ വിധിപ്രസ്താവത്തില്‍ അവ്യക്തയുണ്ട്. നിസ്സാര കാരണങ്ങളാണ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കാന്‍ ചൂണ്ടിക്കാട്ടിയത്. അതിന് ബി.ജെ.പിയും മോദിയും ഭരണകൂടവും മറുപടി പറയേണ്ടിവരും.

രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികളായ ജനങ്ങള്‍ പ്രതീക്ഷയോടെ നോക്കുന്ന നേതാവാണ് രാഹുല്‍ ഗാന്ധി. രാജ്യത്ത് അദ്ദേഹത്തിന് പകരം വെയ്ക്കാന്‍ മറ്റൊരു നേതാവില്ല. ഇന്നലെ വരെ എതിര്‍ത്തവര്‍ക്കും രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കുന്ന അനിവാര്യ സാഹചര്യമാണിന്ന്. രാഹുല്‍ ഗാന്ധിക്ക് സി.പി.എം പിന്തുണ പ്രഖ്യാപിച്ചത് സാഹചര്യത്തിന്‍റെ സമ്മര്‍ദ്ദമാണ്.

സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതിയുടെ വിധി നീതിന്യായ വ്യവസ്ഥയിലെ അവസാനത്തേതല്ല. ഇനിയും കോടതികളുണ്ട്. കോണ്‍ഗ്രസ് നിയമപോരാട്ടം തുടരും.അതിനായി നിയമവിദഗ്ദ്ധരെ ഉള്‍പ്പെടുത്തി ഒരു ടീമിന് കോണ്‍ഗ്രസ് രൂപം നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന് വരുന്ന ജനരോഷത്തില്‍ ബി.ജെ.പി ഭരണകൂടത്തിന് അടിയറവ് പറയേണ്ടിവരുമെന്നും സുധാകരന്‍ പറഞ്ഞു.

0Shares