
കെ. എ അബ്ദുള്‍ റസാഖ് കുമളി
തേക്കടി ടൂറിസത്തെ സമ്പൂര്‍ണമായി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ തുടര്‍ നടപടികള്‍ സ്വീകരിക്കുന്ന വനംവകുപ്പ് ഭാവിയില്‍ കുമളിയിലെ ജനവാസത്തിന് കൂടി തുരങ്കം വെക്കുന്നു. ഏഴ് പതിറ്റാണ്ടായി വിനോദ സഞ്ചാര മേഖലയായ തേക്കടി ഉള്‍പ്പെടുന്ന പ്രദേശം ബഫര്‍ സോണിലാണ് ഉള്‍പ്പെട്ടിരുന്നത്. ഏതാനും മാസം മൂമ്പ് ഹരിത ട്രൈബ്യൂണല്‍ ചെന്നൈ ബെഞ്ചില്‍ നല്കിയ സത്യവാങ്മൂലത്തില്‍ തേക്കടി ബോട്ട് ലാന്റിങ് ഉള്‍പ്പെടെയുള്ള മേഖലകളെ ഉദ്യോഗസ്ഥര്‍ കോര്‍ ഏരിയ എന്നാക്കി.
ഇതിനാല്‍ കോര്‍ ഏരിയായോട് ചേര്‍ന്ന് കിടക്കുന്ന ജനവാസ മേഖലയില്‍ ഉള്‍പ്പെടെ ഭാവിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാവാനിടയുണ്ട് .. നിര്‍മാണങ്ങള്‍ക്കുള്‍പ്പെടെ നിയന്ത്രണങ്ങള്‍ ഉണ്ടാവാം. ഭൂമി ആവശ്യ ഘട്ടങ്ങളില്‍ വില്ക്കാന് പോലും കഴിയാത്ത കുരുക്കിലേക്കാണ് കുമളി ജനത പോകുന്നത് .തേക്കടി ടൂറിസം പ്രതിസന്ധി മൂലം സ്ഥാപനങ്ങള്‍ പൂട്ടുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞതാണ് പ്രതിസന്ധിക്ക് ഇടയാക്കിയിട്ടുള്ളത്. പ്രതിസന്ധി മൂര്‍ഛിച്ചതോടെ നിരവധി കടമുറികളാണ് വെറുതേ കിടക്കുന്നത്. ഉടമയ്ക്ക് വാടക കുടിശികയാകുന്നതും വ്യാപകമാകുകയാണ് . ഇതോടെ നിരവധി പേരുടെ വരുമാനം ഇല്ലാതായി.
ഒരു നാടിന്റെ സാമൂഹിക സാമ്പത്തിക തൊഴിൽ മേഖലകളെ തല തിരിഞ്ഞ പരിഷ്ക്കാരം എങ്ങിനെയൊക്കെ ബാധിക്കുമെന്ന് അനുഭവം നമ്മെ ബോധ്യപ്പെടുത്തുന്നു. ഒരു കാലത്ത് തേക്കടിയില്‍ വന നശീകരണവും വന്യജീവി വേട്ടയും നിത്യ സംഭവങ്ങളായിരുന്നു .. ഇതിന് പരിഹാരമുണ്ടായത് ടൂറിസം വികസനത്തിലൂടെ തൊഴില്‍ അവസരം സൃഷ്ടിക്കാന്‍ കഴിഞ്ഞതിലൂടെയാണ്. ടൂറിസത്തെ ആശ്രയിച്ച് പതിനായിരക്കണക്കിന് കുടുംബങ്ങളാണ് ജീവിക്കുന്നത്. കുമളിയിലെ ടൂറിസം പരിസ്ഥിതി ബോധവല്ക്കരണത്തില് ഊന്നിയതാണ്. തേക്കടിയിലെ പ്രതിസന്ധി നൂറുകണക്കിന് ആളുകള്‍ക്കാണ് ഇതിനകം തൊഴില്‍ ഇല്ലാതാക്കിയത്.
തേക്കടി കാണാനെത്തുന്ന വിദേശിയും അന്യ സംസ്ഥാനത്ത് നിന്നെത്തുന്നവരും ഇവിടെ എത്തുമ്പോൾ മാത്രമാണ് തേക്കടിയിലെ നിയന്ത്രണം അറിയുന്നത്. മെനക്കെട്ട് വന്ന സ്ഥിതിക്ക് എങ്ങോട്ടെങ്കിലും പോകുക എന്ന ഒറ്റ ലക്ഷ്യം മാത്രം. ഇതിന്റെ ഭാഗമായാണ് മൂന്നാറിലും ഗവിയിലും വാഗമണ്ണിലും പതിവിലും കൂടുതല്‍ തിരക്ക് കാണുന്നത്. ഇത് താത്കാലികം മാത്രമാണ്. തേക്കടി ഇല്ലേൽ പിന്നെ ജില്ലയിലെ മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങൾക്ക് നിലനിൽപ്പ് ഉണ്ടാകുമെന്ന് തോന്നുന്നില്ല.
തേക്കടിയില്‍ 105 അടി വെള്ളം ഉള്ള സമയത്തും ബോട്ടിങ് തടസമില്ലാതെ നടന്നിട്ടുണ്ട്. ഇപ്പോള്‍ ജലനിരപ്പ് 108.8 ഉണ്ട് , അപ്പോഴേക്കും ജലനിരപ്പ് കുറവാണ് എന്ന് കാണിച്ചുകൊണ്ട് ബോട്ടിംഗ് അവസാനിപ്പിക്കാൻ ഉദ്യോഗസ്ഥർ ഒരുങ്ങുകയാണ്. ഇതിന് ഒരു മറുവശമുണ്ട്, മേഘമല , ലോവര്‍ക്യാമ്പ് കേന്ദ്രീകരിച്ച് വലിയ ടൂറിസം പ്രോജക്ടുകള്‍ വരാന്‍ പോകുന്നു. അതിന് എളുപ്പ വഴിയൊരുക്കാന്‍ തേക്കടിയെ തകര്‍ക്കുന്നു എന്ന് വേണം കരുതാൻ. കുമളിയില്‍ ടൂ റിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന പലരുടേയും കണ്ണ് അങ്ങോട്ടാണ്.
അതിന്റെ ഭാഗമായി കുമളിയിലുള്ള ടൂറിസം രംഗത്തെ പ്രമുഖര്‍ തമിഴ്നാട്ടിലെ ഭരണ രാഷ്ട്രീയ രംഗത്തെ പല പ്രമുഖരുമായും പലവട്ട ചര്‍ച്ചകള്‍ കുമളിയിലും തമിഴ്നാട്ടിലുമായി നടത്തി. വ്യാപാര, ഉദ്യോഗസ്ഥ രംഗത്തെ പലര്‍ക്കും അവിടെ ഭൂമിയുണ്ട്. മേഘമലയില്‍ ബോട്ടിങ്, ലോവര്‍ക്യാമ്പില്‍ റോപ് വേ, വാട്ടര്‍ തീം പാര്‍ക്ക് , ട്രെക്കിങ് , സൈറ്റ്സീന് തുടങ്ങിയവ ഒരുക്കാന്‍ തമിഴ് നാട് നീക്കവും ആരംഭിച്ചു.
