ഉത്തര്‍പ്രദേശ്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന കാറ്റില്‍ പറത്തി വീണ്ടും വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം പി സാക്ഷി മഹാരാജ്. ഫത്തേപൂരില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഖബറിസ്ഥാന്-ശ്മശാനം പ്രസംഗത്തിന്റെ ചുവടു പിടിച്ചാണ് സാക്ഷി മഹാരാജ് പുതിയ വിവാദ പ്രസ്താവനയിറക്കിയത്. ‘നിങ്ങള്‍ ഒരു ഗ്രാമത്തില്‍ ഒരു ഖബറിടം നിര്‍മ്മിക്കുകയാണെങ്കില്‍ അവിടെ ഒരു ശ്മശാനം കൂടി നിര്‍മ്മിക്കണം. റമദാന് മാസങ്ങളില്‍ വൈദ്യുതിക്ക് ബുദ്ധിമുട്ടില്ലെങ്കില്‍ വിവേചനം കാണിക്കാതെ ദീപാവലിക്കും വൈദ്യുതി നല്‍കണ’മെന്നായിരുന്നു മോദി ഫത്തേപൂരില്‍ പ്രസംഗിച്ചത്. ഈ പ്രസംഗം ഏറ്റെടുത്താണ് സാക്ഷി മഹാരാജ് വിവാദ പ്രസംഗം നടത്തിയത്. ശ്മശാനങ്ങള്‍ക്ക് ആവശ്യത്തിന് ഭൂമിയില്ലാത്തതിനാല്‍ മരണശേഷം മുസ്ലിംങ്ങളെയും ദഹിപ്പിക്കണമെന്നാണ് സാക്ഷി മഹാരാജിന്റെ വിവാദ പ്രസ്താവന.

‘ഖബറിസ്ഥാന് എന്നു വിളിച്ചാലും ശ്മശാനം എന്നു വിളിച്ചാലും അവിടെ മരണശേഷം ആരെയും കുഴിച്ചിടേണ്ടതില്ല. ഇവിടെ രണ്ടര കോടി ഹിന്ദു സന്യാസികള്‍ ഉണ്ട്. മരണശേഷം അവര്‍ക്കെല്ലാം സ്മാരകം വേണം. അതിന് ഭൂമി ആവശ്യമാണ്. ഇന്ത്യയില്‍ 20 കോടി മുസ്ലിംങ്ങള്‍ ഉണ്ട്. അവരെയെല്ലാം മരണശേഷം കുഴിച്ചിടാന്‍ ഹിന്ദുസ്ഥാനില്‍ എവിടെയാണ് സ്ഥല’മെന്നതാണ് സാക്ഷി മഹാരാജിന്റെ പ്രസ്താവന. നേരത്തെയും ഇത്തരം മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി സാക്ഷി മഹാരാജ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ‘നാലു ഭാര്യമാരും നാല്പതു മക്കളുമെന്ന ആശയത്തെ പിന്തുണയ്ക്കുന്നവരാണ് രാജ്യത്തെ ജനസംഖ്യാപ്പെരുപ്പത്തിന് കാരണക്കാരെ’ന്നായിരുന്നു സാക്ഷി മഹാരാജ് നേരത്തെയിറക്കിയ വിവാദപ്രസ്താവന. മീററ്റിലെ റാലിയില്‍ നടത്തിയ ഈ പരാമര്‍ശത്തില്‍ സാക്ഷി മഹാരാജിനെ തെരഞ്ഞെടുപ്പ് കമ്മീഷന് ശാസിച്ചിരുന്നു. എന്നാല്‍ ഇനി പെരുമാറ്റ ചട്ടം ലംഘിച്ചാല്‍ കടുത്ത നടപടിയെടുക്കുമെന്ന കമ്മീഷന്റെ വിരട്ടലിനു വില കല്‍പ്പിക്കാതെയാണ് സാക്ഷി മഹാരാജ് പുതിയ പരാമര്‍ശം നടത്തിയത്.