
തുഷാർ വെള്ളാപ്പള്ളിയെ അജ്മാനിൽ ചെക്കുകേസിൽ ഉൾപ്പെടുത്തിയതിനുപിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയുടെ വാദം പൊളിയുന്നു. അതേസമയം, വാർത്തകേട്ട ഉടൻ കേന്ദ്ര വിദേശകാര്യമന്ത്രിക്ക് കത്തയച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ നടപടിയിൽ സാമൂഹികമാധ്യമങ്ങളിൽ വിമർശനവും പരിഹാസവർഷവും തുടരുകയാണ്. രാഷ്ട്രീയമായി എതിർപക്ഷത്തുനിൽക്കുന്ന നേതാവായിട്ടും മുഖ്യമന്ത്രി നടത്തിയ ഇടപെടലാണ് സാമൂഹികമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
പരാതിയെക്കുറിച്ചോ പരാതിക്കാരന്‍റെ ദൈന്യാവസ്ഥയെക്കുറിച്ചോ ഇതുവരെ ഒന്നും അന്വേഷിക്കുകയോ അതിന് പരിഹാരംകാണുകയോ ചെയ്യാതെ പെട്ടെന്ന് നടപടിക്കായി ഇറങ്ങിത്തിരിച്ച മുഖ്യമന്ത്രിയുടെ നടപടിയെ അവർ ചോദ്യംചെയ്യുന്നു. പാർട്ടി അണികളും തിടുക്കത്തിലുള്ള ഈ നീക്കങ്ങളിൽ കൗതുകംകാണുന്നു.
അതേസമയം, തുഷാറിനെ കേസിൽ കുടുക്കിയതിനുപിന്നിൽ സി.പി.എം. ഉണ്ടെന്നും അതിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നുമുള്ള ശ്രീധരൻപിള്ളയുടെ വാദത്തെ പരാതി നൽകിയ നാസിൽ അബ്ദുള്ളയും ജയിലിൽക്കിടന്ന തുഷാർ വെള്ളാപ്പള്ളിയും നിരാകരിക്കുന്നുണ്ട്.

ഒരു രാഷ്ട്രീയക്കാരനുമായും ബന്ധമില്ലെന്ന് നാസിൽ അബ്ദുള്ളതന്നെ വ്യക്തമാക്കിയിരുന്നു. തുഷാർ വെള്ളാപ്പള്ളിക്കെതിരേ ആദ്യം പരാതിപറഞ്ഞത് ശ്രീധരൻപിള്ളയോടായിരുന്നുവെന്നും നാസിൽ വിശദമാക്കുന്നു. എന്നാൽ, ഇക്കാര്യത്തെക്കുറിച്ച് ശ്രീധരൻപിള്ള മൗനംപാലിക്കുകയായിരുന്നു.
ജയിൽമോചിതനായശേഷം തുഷാർ വെള്ളാപ്പള്ളി നടത്തിയ ആദ്യ പ്രതികരണം കേസിൽ രാഷ്ട്രീയ ഗൂഢാലോചനയില്ല എന്നായിരുന്നു. ഇതുതന്നെയാണ് നാസിൽ അബ്ദുള്ളയും പറയുന്നത്. കേസുകൊടുക്കാൻ ആരും സമ്മർദംചെലുത്തിയിട്ടില്ല. തുഷാറിനെതിരേയുള്ള നിയമനടപടി വ്യക്തിപരമായ തീരുമാനമായിരുന്നുവെന്നും നാസിൽ പറയുന്നു. രണ്ടുപേരും ഗൂഢാലോചന എന്ന ആക്ഷേപം തള്ളിയതോടെ ശ്രീധരൻപിള്ളയുടെ പരാമർശം വെറും രാഷ്ട്രീയം മാത്രമായിരുന്നുവെന്ന് തെളിയുകയാണ്.
ഒരേ മുന്നണിയിലെ നേതാവായതിനാൽ ഇടപെടാൻ കഴിയില്ല എന്നായിരുന്നു പരാതിപറഞ്ഞപ്പോൾ ശ്രീധരൻപിള്ളയുടെ മറുപടി എന്നുകൂടി നാസിൽ വ്യക്തമാക്കുന്നുണ്ട്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ. സന്ദർശനത്തിനുമുമ്പുതന്നെ പ്രശ്നം പെട്ടെന്ന് പരിഹരിക്കണമെന്ന് ഡൽഹിയിലെ ഭരണകേന്ദ്രങ്ങളിൽനിന്ന് അബുദാബിയിലേക്ക് സന്ദേശങ്ങൾ എത്തിയിരുന്നു. തുഷാറിനുവേണ്ടിയുള്ള നീക്കങ്ങൾ പെട്ടെന്നുനീങ്ങാൻ ഇതും കാരണമായി. ഇതിനെ ന്യായീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ കേന്ദ്രത്തിലേക്കുള്ള കത്തും അവർക്ക് ആയുധമായെന്ന് വിലയിരുത്തുന്നു.
