തിരുനെല്ലായി നാരായണ അയ്യർ ശേഷൻ: വിടപറഞ്ഞത് തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍റെ ശക്തി ജനങ്ങള്‍ക്ക്‌ ബോധ്യമാക്കി കൊടുത്ത അനിഷേധ്യ വ്യക്തിത്വം

  • Post category:news
  • Reading time:2 mins read
You are currently viewing തിരുനെല്ലായി നാരായണ അയ്യർ ശേഷൻ: വിടപറഞ്ഞത് തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍റെ  ശക്തി ജനങ്ങള്‍ക്ക്‌ ബോധ്യമാക്കി കൊടുത്ത അനിഷേധ്യ വ്യക്തിത്വം

തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍റെ ഭരണഘടനാപരമായ സ്വയംഭരണപദവി ഉറപ്പിച്ച് ജനമനസില്‍ ഇടംനേടിയ മുൻ മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണർ ടി എൻ ശേഷൻ അന്തരിച്ചു. 87 വയസ്സായിരുന്നു. ചെന്നെയിലെ ആൾവാർപേട്ട്‌ സെൻറ്‌ മേരീസ്‌ റോഡിലുള്ള വീട്ടിൽ ഞായറാഴ്‌ചയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന്‌ ഏറെ നാളായി ചികിത്സയിലായിരുന്നു. വീട്ടിലെ ജോലിക്കാരാണ്‌ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്‌. സംസ്കാരം തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ്‌ ബസന്ത്‌ നഗർ ബീച്ചിൽ.

1990 ഡിസംബർ 12 ന്‌ ഇന്ത്യയുടെ 10ാമത്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണറായി ചുമതലയേറ്റു. 1996 ഡിസംബർ 11 വരെ പദവിയിൽ തുടർന്നു. ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡടക്കം നിരവധി തെരഞ്ഞെടുപ്പ്‌ പരിഷ്‌കാരങ്ങൾ കൊണ്ടുവന്നു. കമ്മീഷണറായിരിക്കെ അദ്ദേഹത്തിന്‍റെ നടപടികൾ പലതും വലിയ വിവാദങ്ങൾ സൃഷ്ടിച്ചു. വരുമാനം തെറ്റായി രേഖപ്പെടുത്തിയതിനും പത്രികയിൽ തെറ്റായ വിവരങ്ങൾ ചേർത്തതിനും പതിനാലായിരത്തിലേറെ സ്ഥാനാർത്ഥികളെ അയോഗ്യരാക്കി.

ബിഹാറിലെ തെരഞ്ഞെടുപ്പ്‌ റദ്ദാക്കിയതടക്കമുള്ള തീരുമാനങ്ങൾ ഇംപീച്ച്‌മെന്റ്‌ നടപടികളിലേക്കും എത്തിച്ചു.
തെരഞ്ഞെടുപ്പ് ചെലവും സമയവും വെട്ടിക്കുറച്ചത് ശേഷന്‍റെ കാലത്തായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സുവർണ കാലമായിരുന്നു ശേഷന്‍റെ ഭരണകാലം. കർശനമായ നിയന്ത്രണത്തിലൂടെ തിരുനെല്ലായി നാരായണ അയ്യർ ശേഷൻ തെരഞ്ഞെടുപ്പിലെ ക്രമക്കേടുകൾക്ക് അറുതി വരുത്തി. പണക്കൊഴുപ്പ് തടഞ്ഞു. ബൂത്തു പിടിച്ചടക്കൽ നിശ്ശേഷം നിലച്ചു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നവരെ അദ്ദേഹം വെറുതേ വിട്ടില്ല.1993 ൽ അങ്ങനെയാണ് ഹിമാചൽപ്രദേശിൽ ഗവർണറായിരുന്ന ഗുൽഷേർ അഹമ്മദിന് രാജിവയ്ക്കേണ്ടി വന്നത്. ഗുൽഷേർ അഹമ്മദ് അന്ന് മധ്യപ്രദേശിൽ തന്‍റെ പഴയ മണ്ഡലമായ അമർപതനിൽ മകൻ മത്സരിച്ചപ്പോൾ പ്രചാരണം നടത്തി. ശേഷൻ ആ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി. ഗവർണർ പെരുമാറ്റച്ചട്ടം ലംഘിച്ചതായി പ്രഖ്യാപിച്ചു. ഒടുവിൽ ഗുൽഷേറിന് രാജിവയ്ക്കേണ്ടി വന്നു.

എസ്.എസ്.എല്‍.സി, ഇന്റർമീഡിയറ്റ്, ഡിഗ്രി, സിവിൽസർവീസ് പരീക്ഷകളിലെല്ലാം ഒന്നാംറാങ്കുകാരൻ എന്ന അത്യപൂർവ ബഹുമതിക്ക് ഉടമയായ ശേഷൻ 1955 –ൽ ഐ.എ.എസ് നേടി. തമിഴ്നാട് കേഡർ ചോദിച്ചുവാങ്ങിയ അദ്ദേഹം 1956–ൽ കോയമ്പത്തൂർ അസിസ്റ്റന്റ് കലക്ടറായി ഔദ്യോഗികജീവിതം ആരംഭിച്ചു. ശേഷന്‍റെ പ്രാഗത്ഭ്യം പരിഗണിച്ച് പരിശീലനം കഴിയുന്നതിന് മുന്‍പ് തന്നെ സബ്കലക്ടറായി പ്രമോഷൻ ലഭിച്ചു. തമിഴ്നാട് ഗ്രാമവികസന വകുപ്പിൽ അണ്ടർസെക്രട്ടറിയായും മധുരയിൽ കലക്ടറായും പ്രവർത്തിച്ചു.

1962ൽ തമിഴ്നാട് ട്രാൻസ്പോർട്ട് ഡയറക്ടറായി നിയമിതനായി. തമിഴ്നാട് വ്യവസായ വകുപ്പിലും കൃഷി വകുപ്പിലും സെക്രട്ടറിയായിരുന്നു. 1968–ൽ കേന്ദ്രസർവീസിലെത്തി. അണുശക്തി വകുപ്പിൽ ഡപ്യൂട്ടി സെക്രട്ടറിയും ഡയറക്ടറുമായി. എണ്ണപ്രകൃതിവാതകം, ബഹിരാകാശം, വനംവന്യജീവി സംരക്ഷണം, പരിസ്ഥിതി വകുപ്പുകളിലും പ്രവർത്തിച്ചു. 1986ൽ പ്രധാനമന്ത്രി രാജീവ്ഗാന്ധി തന്‍റെ സുരക്ഷയുടെ ചുമതലുള്ള സെക്രട്ടറിയായി ശേഷനെ നിയമിച്ചു.

1988ൽ പ്രതിരോധ സെക്രട്ടറിയായി. 1989 മാർച്ച് മുതൽ ഡിസംബർ വരെ കാബിനറ്റ് സെക്രട്ടറിയായിരുന്നു. വി.പി. സിങ് പ്ര‌ധാനമന്ത്രിയായപ്പോൾ ശേഷനെ ആസൂത്രണ കമ്മിഷനിലേക്ക് മാറ്റി. പിന്നീട് എസ്. ചന്ദ്രശേഖർ പ്രധാനമന്ത്രിയായിരിക്കെ 1990 ഡിസംബർ 12ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണറായി. 1936 -ൽ പാലക്കാട് ജില്ലയിലെ തിരുനെല്ലായിലായിരുന്നു ശേഷന്‍റെ ജനനം. 1955 ബാച്ചിൽ തമിഴ്‌നാട്‌ കേഡർ ഐഎഎസ്‌ ഓഫീസർ. 1968 -ൽ ഹാർവാർഡ് സർവകലാശാലയിൽനിന്ന്‌ പബ്ലിക് അഡ്‌മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം. 1989ൽ കാബിനറ്റ്‌ സെക്രട്ടറിയായി. ആസൂത്രണ കമീഷൻ അംഗമായിരുന്നു. മഗ്‌സസെ പുരസ്കാരത്തിന്‌ അർഹനായിട്ടുണ്ട്‌. ചെന്നൈ താമ്പ്രത്തുള്ള വൃദ്ധസദനത്തിലായിരുന്നു ടി. എൻ ശേഷനും ഭാര്യയും താമസം. 2018ൽ ഭാര്യ ജയലക്ഷ്‌മി മരിച്ചതിനെ തുടർന്ന്‌ ആൾവാർപേട്ടിലെ വീട്ടിലേക്ക്‌ തിരിച്ചുവന്നു. ഒറ്റക്കായിരുന്നു താമസം.

0Shares