ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അടക്കം ഏഴു ജഡ്ജിമാര്‍ക്ക് എതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കകാന് ജസ്റ്റിസ് കര്‍ണന്റെ നിര്‍ദേശം.തന്റെ മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടും ഇവര്‍ എത്തിയില്ലെന്ന് ചൂണ്ടി കാണിച്ചാണ് കോടതി റജിസ്ട്രാര്‍ക്ക് കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് സി.എസ് കര്ണന് വാറന്റ് പുറപ്പെടുവിക്കാന്‍ നിര്‍ദേശം നല്‍കിയത്. ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാര്‍, സുപ്രീം കോടതി ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ.ചലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി. ലോകൂര്‍, പി.കെ. ഘോസ്, കുര്യന് ജോസഫ് എന്നിവര്‍ക്കെതിരെയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാന്‍ കര്ണന് നിര്‍ദേശം നല്‍കിയത്.

ന്യൂഡല്‍ഹി ഡി.ജി.പി മുഖേനയോ പോലീസ് കമ്മീഷണര്‍ മുഖേനയോ വാറന്റ് നടപ്പാക്കണമെന്നാണ് നിര്‍ദേശം. അഴിമതിയില്‍ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കാനാണ് ഇത്തരമൊരു നടപടിയെന്നാണ് കര്‍ണന്റെ പക്ഷം. അതേസമയം, ജസ്റ്റിസ് കര്‍ണനെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കണമെന്ന് സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. സുപ്രീം കോടതിയുടെ മെഡിക്കല്‍ പരിശോധനാ നിര്‍ദേശം തള്ളിയ ജസ്റ്റിസ് കര്ണന് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ച ഏഴു ജഡ്ജിമാരെയും ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലെത്തിച്ച് അവരുടെ മാനസിക നില പരിശോധിക്കാനാണ് ഉത്തരവിട്ടത്.