
ജമ്മു കാശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള പ്രസ്താവനകള്‍ നടത്തിയ കശ്മീരി രാഷ്ട്രീയ പ്രവര്‍ത്തകയും ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവുമായിരുന്ന ഷെഹ്ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. സുപ്രീം കോടതി അഭിഭാഷകനായ അലാഖ് അലോക് ശ്രീവാസ്തവയാണ് ഷെഹ്‌ലയ്‌ക്കെതിരേ പരാതി നല്‍കിയത്.

ഡല്‍ഹി പോലീസിന്‍റെ പ്രത്യേക സെല്ലാണ് 124എ, 153എ, 153, 504, 505 വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്. കാശ്മീരില്‍ ഇന്ത്യന്‍ സൈന്യം വീടുകളില്‍ നിന്നും യുവാക്കളെ പിടിച്ചുകൊണ്ടുപോകുന്നുവെന്നും വീടുകളില്‍ അനധികൃതമായി പരിശോധന നടത്തുന്നുവെന്നും ഇവര്‍ ആരോപിച്ചിരുന്നു.
ബി.ജെ.പിയുടെ അജണ്ട നടപ്പാക്കാന്‍ കാശ്മീരില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നുവെന്നും അവര്‍ പറഞ്ഞു. ഇന്ത്യന്‍ ആര്‍മി അന്വേഷണക്കമ്മിഷനെ രൂപീകരിച്ചാല്‍ തെളിവു നല്‍കാന്‍ തയ്യാറാണെന്നും ഇവര്‍ പറഞ്ഞിരുന്നു.
