
കൊച്ചി: തന്നെ പ്രതിയാക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെ മാധ്യമങ്ങള്‍ നടത്തിയ കുപ്രചാരണങ്ങളുടെയും ഇതിന് തുടര്‍ച്ചയായി പൊലീസ് സ്വീകരിച്ച തെറ്റായ നടപടികളുടെയും ഇരയാണ് താനെന്നും ഒരു തരത്തിലും ഗൂഢാലോചനയുടെ സൂത്രധാരനല്ല താന്‍ എന്നും നടിയെ ആക്രമിച്ച കേസിൽ റിമാൻഡ് ചെയ്യപ്പെട്ട നടൻ ദിലീപ്. കേസില്‍ തനിക്ക് പങ്കുണ്ടെന്ന് പരാതിക്കാരിയോ സാക്ഷികളോ പറഞ്ഞിട്ടില്ല. ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ‘അമ്മ’ ഫെബ്രുവരി 19ന് എറണാകുളം ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംഭവത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. ഇത് തനിക്കെതിരെയാണെന്ന് മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. മാസങ്ങളോളം തുടര്‍ന്ന കുപ്രചാരണങ്ങളുടെയും ശത്രുക്കളുടെ ഗൂഢാലോചനയുടെയും ഫലമായിട്ടാണ് കേസില്‍ അറസ്റ്റ് ചെയ്തത്.
140 സിനിമകളിലഭിനയിച്ച തന്നെ ഒറ്റരാത്രി കൊണ്ട് വില്ലനാക്കിയെന്നും തലശ്ശേരി സ്വദേശിയായ ലിബര്‍ട്ടി ബഷീറിന് രാഷ്ട്രീയത്തിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ട്. തന്നെ കുടുക്കാന്‍ ബഷീര്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചതായും യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ ഹൈകോടതിയില്‍ നല്കിയ ജാമ്യ ഹർജിയില്‍ ദിലീപ് കുറ്റപ്പെടുത്തി.
പള്‍സര്‍ സുനിയെ ഒരിക്കലും കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഈ കേസില്‍ ഏഴു പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്കി മൂന്നു മാസം കഴിഞ്ഞ് ജൂലൈ പത്തിനാണ് അറസ്റ്റ് ചെയ്തത്. ഒരു മാസമായി റിമാന്‍ഡില്‍ കഴിയുന്നു. നിര്‍ണായക തെളിവായ മൊബൈല്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഒളിവില്‍ പോയ ഡ്രൈവര്‍ അപ്പുണ്ണി, പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന് പ്രതീഷ് ചാക്കോ എന്നിവരെ ചോദ്യം ചെയ്യാനായില്ലെന്നുമുള്ള പ്രോസിക്യൂഷെന്റ വാദം കണക്കിലെടുത്താണ് ആദ്യ ജാമ്യ ഹരജി തള്ളിയത്. ഇവരില്‍നിന്ന് നിര്‍ണായക തെളിവുകള്‍ കണ്ടെത്താനുണ്ടെന്നായിരുന്നു പ്രോസിക്യൂഷന് വാദം. എന്നാല്‍, ഇതിനുശേഷം അപ്പുണ്ണിയെ പലതവണ ചോദ്യം ചെയ്തു. മൊബൈല്‍ ഫോണ്‍ നശിപ്പിച്ചുവെന്ന് കണ്ടെത്തി രണ്ട് അഭിഭാഷകരെ കേസില്‍ പ്രതിയാക്കി. അവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. അതിനാല്‍, ജാമ്യം നിഷേധിക്കാന്‍ കാരണമായ സാഹചര്യങ്ങള്‍ ഇപ്പോള്‍ നിലനില്ക്കുന്നില്ല. ദിലീപ് തന്റെ ഹർജിയിൽ പറയുന്നു.
