ന്യൂഡല്‍ഹി: ഗാനരചയിതാവും കവിയുമായ എസ് രമേശന് നായര്‍ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ശ്രീനാരായണ ഗുരുവിന്റെ ജീവിതവും ദര്‍ശനവും വിവരിക്കുന്ന ‘ഗുരുപൗര്‍ണമി’ എന്ന പുസ്തകത്തിനാണ് രമേശന് നായര്‍ക്ക് അക്കാദമി അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. 1985-ല്‍ പുറത്തിറങ്ങിയ പത്താമുദയം എന്ന ചലച്ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചുകൊണ്ടാണ് മലയാളചലച്ചിത്ര രംഗത്ത് രമേശന് നായര്‍ പ്രവേശിക്കുന്നത്. ഗാനരചനാ രംഗത്താണ് ഇദ്ദേഹത്തിന്റെ പ്രധാന സംഭാവന. ധാരാളം ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്.
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്ററായും ആകാശവാണിയില്‍ നിര്‍മ്മാതാവായും പ്രവര്‍ത്തിച്ചിരുന്നു. 2010-ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും ആശാന് പുരസ്കാരവും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 1948 മേയ് 3-ന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്താണ് രമേശന് നായരുടെ ജനനം. കന്നിപ്പൂക്കള്‍, പാമ്പാട്ടി, ഹൃദയവീണ, കസ്തൂരിഗന്ധി തുടങ്ങിയ കൃതികള്‍ പുറത്തിറക്കിയിട്ടുണ്ട്. പി. രമയാണ് ഭാര്യ. ഏക മകന് മനു രമേശന് സംഗീതസംവിധായകനാണ്.
കവിയും ഗാനരചയിതാവുമായ എസ് രമേശന് നായര്‍ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്