
കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി കര്‍ണാടകയില്‍ കഴിഞ്ഞ ദിവസം രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പി കുതിരക്കച്ചവടം നടത്തുന്നെന്ന ഭരണകക്ഷിയുടെ ആരോപണത്തിന് പിന്നാലെയായിരുന്നു എം.എല്‍.എമാരുടെ രാജി. കര്‍ണാടകത്തിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ബി.ജെ.പിസൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.
കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യഗവണ്‍മെന്റ് തകര്‍ന്നാല്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുകയാണെന്ന സൂചന ബി.ജെ.പി നല്‍കിക്കഴിഞ്ഞു. തങ്ങള്‍ നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും കോണ്‍ഗ്രസ്- ജെ.ഡി.എസ് സര്‍ക്കാര്‍ വീഴുന്ന പക്ഷം പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്നുമാണ് കര്‍ണാടക ബി.ജെ.പി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ്. യെദ്യൂരപ്പ പറഞ്ഞത്.

ഈ ഗവണ്മെന്റ് താഴെ വീണാല്‍ മാത്രമേ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ഭരണഘടനാ വ്യവസ്ഥകള്‍ പരിശോധിക്കാന്‍ കഴിയുകയുള്ളൂ. തെരഞ്ഞെടുപ്പിൻ്റെ ചോദ്യമേ വരുന്നില്ല. 105 അംഗങ്ങളുടെ പിന്തുണ നിലവില്‍ തന്നെ ഞങ്ങള്‍ക്കുണ്ട്. നിലവിലുള്ള സര്‍ക്കാര്‍ താഴെ വീണാല്‍ പുതിയ സര്‍ക്കാരുണ്ടാക്കാനുള്ള എല്ലാ അവകാശങ്ങളും ഞങ്ങള്‍ക്കുണ്ട്”- എന്നായിരുന്നു യെദ്യൂരപ്പ പറഞ്ഞത്. മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമി ക്ഷേത്രത്തിൻ്റെ തറക്കല്ലിടല്‍ ചടങ്ങുമായി ബന്ധപ്പെട്ട് അമേരിക്കയിലാണ്.
സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ നീക്കങ്ങള്‍ അറിയുന്നുണ്ടെന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്. സര്‍ക്കാരിനെ താഴെയിറക്കാമെന്ന ബി.ജെ.പിയുടെ മോഹം നടക്കില്ലെന്നും കുമാരസ്വാമി പ്രതികരിച്ചിരുന്നു. മുന്‍ മന്ത്രിയും പ്രബലനായ കോണ്‍ഗ്രസ് നേതാവുമായ രമേശ് ജാര്‍ക്കിഹോളിയും ആനന്ദ് സിങ്ങുമായിരുന്നു കഴിഞ്ഞ ദിവസം രാജിവെച്ചത്. ഇരുവരും സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയിരുന്നെങ്കിലും അദ്ദേഹം സ്വീകരിച്ചിട്ടില്ല. വിമത നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അടിയന്തര നിയമസഭാ കക്ഷി യോഗവും വിളിച്ചിരുന്നു.
