
കൊല്ലം: പ്രളയ കാരണത്തില്‍ അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് അന്തിമ വിധിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അമിക്കസ് ക്യൂറി ബന്ധപ്പെട്ട എല്ലാ കക്ഷികളില്‍നിന്നും വിവരമാരാഞ്ഞോ അവര്‍ക്കു പറയാനുള്ളത് കേട്ടശേഷമോ അല്ല റിപ്പോര്‍ട്ട് തയ്യാറാക്കിയത് എന്ന ചര്‍ച്ചയും ഉയര്‍ന്നുവന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലം പ്രസ് ക്ലബ്ബിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കോടതിയുടെ നിരീക്ഷണമോ അഭിപ്രായമോ പോലുമല്ല പുറത്തുവന്നത്. എല്ലാ കക്ഷികളില്‍നിന്നും വിവരം ആരാഞ്ഞശേഷമല്ല റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സാങ്കേതിക ജ്ഞാനമുള്ള കേന്ദ്ര ജലവിഭവ കമ്മീഷന്, മദ്രാസ് ഐ.ഐ.ടി എന്നിവര്‍ അമിത മഴയാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. വിദഗ്ദ സമിതികളും അന്താരാഷ്ട്ര സമൂഹവും കേരളം വെള്ളപ്പൊക്കത്തെ കൈകാര്യം ചെയ്ത രീതിയെ അഭിനന്ദിച്ചിട്ടുണ്ട്. ഇതെല്ലാം തള്ളിക്കൊണ്ട് അമിക്കസ് ക്യൂറി കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് കോടതിയെ അപമാനിക്കുന്നതിന് തുല്ല്യമാണ്.” മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പ്രതീക്ഷിക്കപ്പെട്ട മഴയെ ഉള്‍ക്കൊള്ളാനുള്ള ശേഷി ഇടുക്കി ഉള്‍പ്പെടെയുള്ള ഡാമുകളില്‍ ഉണ്ടായിരുന്നു. പ്രളയസമയത്ത് ഡാമിലേയ്ക്ക് വന്നിട്ടുള്ള വെള്ളത്തിന്റെ വലിയ പങ്ക് ഡാമുകളില്‍ സംഭരിച്ചുവെക്കുകയാണ് ചെയ്തത്. ശേഷിക്കുന്നത് മാത്രമാണ് തുറന്നുവിട്ടത്. പ്രളയസമയത്ത് ഇടുക്കി ഡാമില്‍ 2800-3000 ഘനമീറ്റര്‍ വെള്ളം വന്നിരുന്നു. പുറത്തേക്ക് ഒഴുക്കിയത് 1500 ഘനമീറ്റര്‍ വെള്ളം മാത്രമാണ്.
അപ്രതീക്ഷിതമായി ഉണ്ടായ മഴയുടെ ഫലമായി ഒഴുകിയെത്തിയ മഴയുടെ ഒരു പങ്ക് ഡാമുകള്‍ തടഞ്ഞു നിര്‍ത്തുകയാണുണ്ടായത്. ഇത് ചെയ്തില്ലായിരുന്നെങ്കില്‍ പ്രളയത്തിന്റെ കെടുതി എത്രയോ വലുതാകുമായിരുന്നു. ഡാം മാനേജ്മെന്റിന്റെ പിഴവാണ് പ്രളയമുണ്ടാക്കിയതെന്ന വാദത്തിന്റെ പൊള്ളത്തരമാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. പ്രളയമുണ്ടാക്കിയത് അതിശക്തമായ മഴയാണെന്ന് വ്യക്തമാകും. നമ്മുടെ നദികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതിലും അധികം വെള്ളമാണ് അമിത മഴയിലൂടെ ഉണ്ടായത്. അതാണ് വെള്ളപ്പൊക്കമുണ്ടാക്കിയതെന്നും ഡാമുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റിയിട്ടില്ലെന്നും പിണറായി പറഞ്ഞു.
