കൂട്ടുത്തര വാദിത്വം നഷ്ടപ്പെട്ടു എന്ന പരാമര്‍ശം; പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കണം എന്ന ക്വോ വാറണ്ടോ ഹര്‍ജി ഹൈക്കോടതി തള്ളി

  • Post category:news
  • Reading time:1 min read
You are currently viewing കൂട്ടുത്തര വാദിത്വം നഷ്ടപ്പെട്ടു എന്ന പരാമര്‍ശം; പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കണം എന്ന ക്വോ വാറണ്ടോ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. തോമസ് ചാണ്ടി വിഷയത്തില്‍ സര്‍ക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു എന്ന കോടതി പരാമര്‍ശത്തിന്‍റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്ക്​ തുടരാന്‍ അവകാശമില്ലെന്നായിരുന്നു ഹര്‍ജിക്കാരന്‍റെ വാദം. കേരള സര്‍വ്വകലാശാലാ മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍.എസ് ശശികുമാറാണ് ഹര്‍ജിക്കാരന്‍.


കോടതി പരാമർശത്തിന്റെ സാഹചര്യത്തിൽ സർക്കാരിന് തുടരാനുള്ള അവകാശം നഷ്ടപ്പെട്ടുവെന്നും മുഖ്യമന്ത്രിയെ സ്ഥാനത്ത് നിന്ന് നീക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.മന്ത്രിക്കു സ്വന്തം സർക്കാരിനെയോ മുഖ്യമന്ത്രിയെയോ വിശ്വാസമില്ലെന്നാണെങ്കിൽ, ഇതുതന്നെ അയോഗ്യതയ്ക്കു പറ്റിയ കാരണമാണ്. മന്ത്രിക്കു സ്വന്തം മന്ത്രിസഭയെ കുറ്റപ്പെടുത്താനാകുമോ? കേട്ടുകേൾവിയില്ലാത്ത കാര്യമാണത്. സർക്കാരിനെതിരെ മന്ത്രി ഹർജി നൽകിയ ചരിത്രം ഈ കോടതിയിലോ ഇന്ത്യയിലെ ഏതെങ്കിലും കോടതിയിലോ ഇല്ലെന്നും കോടതി പറഞ്ഞിരുന്നു.

നിലംനികത്തലും പുറമ്പോക്കു കയ്യേറ്റവും സംബന്ധിച്ച് ആലപ്പുഴ കലക്ടറുടെ റിപ്പോർട്ടിനെതിരെ തോമസ് ചാണ്ടി നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി മന്ത്രിസഭയ്ക്കെതിരെ രൂക്ഷവിമർശനം നടത്തിയത്. നാല് സി.പി.ഐ മന്ത്രിമാര്‍ക്കെതിരെ സമാന ആവശ്യം ഉന്നയിച്ച്‌ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

0Shares