ന്യൂഡല്‍ഹി: കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവരെന്ന പേരില്‍ സമൂഹ മാധ്യമങ്ങളിലെ നുണ പ്രചാരണത്തെ തുടര്‍ന്നുണ്ടായ ജനക്കൂട്ടാക്രമണണത്തില്‍ കഴിഞ്ഞവര്‍ഷം രാജ്യത്ത് കൊല്ലപ്പെട്ടത് 33 പേരാണെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ കൊല്ലപ്പെട്ടവര്‍ക്ക് തട്ടികൊണ്ടുപോകുന്ന സംഘവുമായി ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. ജാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലുമാണ് ആക്രമണങ്ങള്‍ ഏറ്റവും കൂടുതല്‍ നടന്നത്. ഇത്തരം കാരണത്തിന്റെ പേരില്‍ നടന്ന അക്രമങ്ങളില്‍ 69 സംഭവങ്ങളിലായി 99 പേര്‍ക്ക് പരുക്കേറ്റു. 2018 ജൂലായ് അഞ്ചുവരെ കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവരെന്ന വ്യാജ പ്രചാരണത്തെ തുടര്‍ന്നുണ്ടായ ജനക്കൂട്ടാക്രമണത്തില്‍ രാജ്യത്ത് 24 പേര് കൊല്ലപ്പെട്ടന്നാണ് റിപ്പോര്‍ട്ട്. അതില്‍ ഈ മാസം ആറ് വരെ ഒന്‍പത് ആക്രമണങ്ങളിലായി അഞ്ചു പേരാണ് കൊല്ലപ്പെട്ടത്.
21 ആക്രമണങ്ങളിലായി 181 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അക്രമം തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൈ എടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നോട്ടീസയച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശത്തിനു തൊട്ടു പിന്നാലെയാണ് അടുത്തദിവസം കര്‍ണാടകയിലും അസമിലുംവീണ്ടും ആക്രമണമുണ്ടായത്. ജനക്കൂട്ടത്തിന്റെ ആക്രമണം പരിധി വിട്ടപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ വാട്ട്സ് ആപ്പിന് നോട്ടീസ് അയച്ചിരുന്നു. രാജ്യത്തു നടന്ന പശുകൊലകളില് നല്ലൊരു പങ്ക് വാട്സാപ്പുകള് വഴി സംഘടിപ്പിക്കപ്പെട്ടതാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഇതിന്റെ മുമ്പേ പുറത്തു വന്നിരുന്നു.
കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവരെന്ന പേരില്‍ സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണം; രാജ്യത്ത് കഴിഞ്ഞ വര്‍ഷം മാത്രം കൊല്ലപ്പെട്ടത് 33 പേര്