കണ്ണൂര്‍: ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലയുടെ മഹോത്സവത്തിന് കണ്ണൂരില്‍ തിരി തെളിഞ്ഞു. രാവിലെ 09:30ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെവി മോഹന്‍ കുമാര്‍ പതാക ഉയര്‍ത്തിയതോടെയാണ് 57ാംമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായത്. ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും പങ്കെടുത്തു. തിറകളുടെയും തറികളുടെയും നാട്ടില്‍ ഒരിക്കല്‍ കൂടി വന്നണഞ്ഞ കലയുടെ പെരുങ്കളിയാട്ടത്തെ വരവേല്‍ക്കാന്‍ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ സ്വാഗത കമാനം ഉയര്‍ന്നിട്ടുണ്ട്. നേരത്തെ സംഘാടക സമിതിയുടെ ആഭിമുഖ്യത്തില്‍ നഗര ഹൃദയത്തിലൂടെ നടത്തിയ വിളംബര ജാഥയില്‍ ഭാരവാഹികളോടൊപ്പം പൊതുജീവിതത്തിന്റെ വിവിധ മേഖലകളില്‍പെട്ട നിരവധി ആളുകള്‍ പങ്കെടുത്തു. പോലീസ് മൈതാനിയിലെ മുഖ്യവേദിയായ ‘നിള’യില്‍ ഇന്നു വൈകുന്നേരം നാലിനു മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിതെളിക്കുന്നതോടെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കലയുടെ കളിയാട്ടത്തിന് അരങ്ങുണരും. വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

പത്തുവര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടുമെത്തിയ കലാമാമാങ്കത്തെ വരവേല്‍ക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു.
14 ജില്ലകളില്‍ നിന്നായി 12,000ത്തിലധികം കലാപ്രതിഭകളാണ് തങ്ങളുടെ സര്‍ഗ്ഗവൈഭവം പ്രകടിപ്പിക്കാന്‍ എത്തുന്നത്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലായി 232 ഇനങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ആദ്യദിനം ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യം, കുച്ചിപ്പുടി, തിരുവാതിര
എന്നിവയടക്കം ഏഴിനങ്ങളിലാണ് മല്‍സരം.

കേരളത്തിലെ പ്രധാന നദികളുടെ നാമകരണം ചെയ്ത 20 വേദികളാണ് കലോത്സവത്തിനായി ഒരുക്കിയിരിക്കുന്നത്. നിള, ചന്ദ്രഗിരി, കബനി, പമ്പ, വളപട്ടണം, കല്ലായി, പെരിയാര്‍, മയ്യഴി എന്നിങ്ങനെയാണ് വേദികളുടെ പേരുകള്‍. സ്റ്റേഡിയം കോര്‍ണറിലുള്ള വേദിയായ മയ്യഴിയില്‍ 17ാം തിയ്യതി മുതല്‍ 22ാം തിയ്യതി വരെ സാംസ്‌കാരിക പരിപാടികള്‍ നടക്കും. ഈ മാസം 22നാണ് കലോത്സവ മാമാങ്കത്തിന്റെ കൊടിയിറക്കം. അന്ന് വൈകീട്ട് നാല് മണിക്ക് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
